Entertainment
അത് ആ സിനിമയോട് ചെയ്യുന്ന ദ്രോഹമാണെന്ന് നിങ്ങൾ തീർച്ചയായും അറിയണം: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 08, 04:52 pm
Thursday, 8th February 2024, 10:22 pm

പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് കാലങ്ങളായി സിനിമ മേഖല നേരിടുന്ന ഒരു വെല്ലുവിളിയാണ്.

വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. അതിനുവേണ്ടി ഒരു മുൻകരുതൽ എടുക്കുന്നതിനേക്കാൾ അത് ചെയ്യാതിരിക്കുന്നതല്ലേ നല്ലത് എന്നാണ് ടൊവിനോ പറയുന്നത്. അങ്ങനെ ചെയ്യുന്നത് സിനിമയോട് ചെയ്യുന്ന ദ്രോഹമാണെന്നും അത്തരത്തിലുള്ള വ്യാജ പ്രിന്റുകൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടായിരിക്കാം ഇപ്പോഴും ചിലർ ഷൂട്ട് ചെയ്യുന്നതെന്നും ടൊവിനോ പറഞ്ഞു.

റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങൾ മുൻകരുതൽ എടുക്കുന്നതിനേക്കാളും അതങ്ങ് ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. അത് ആ സിനിമയോട് ചെയ്യുന്ന ദ്രോഹമാണെന്ന് നിങ്ങൾ തീർച്ചയായും അറിയണം. ഒരു സിനിമയുടെ മർമ പ്രധാനമായ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്ത് ഇടുന്നത് ആ സിനിമയെ നന്നായി ബാധിക്കാം. അത് ഞങ്ങളോട് ചെയ്യുന്ന ദ്രോഹം എന്ന പോലെ ആ സിനിമ കാണാത്തവരോടും ചെയ്യുന്ന ദ്രോഹമാണ്. അത് പരമാവധി ഒഴിവാക്കുക എന്നതാണ് മാന്യമായ രീതി.

അതിന് എന്ത് ചെയ്യാൻ പറ്റും. ഓരോ തിയേറ്ററിൽ ചെന്ന് ആരൊക്കെ മൊബൈൽ എടുക്കുന്നുണ്ടെന്ന് നോക്കി ഇരിക്കാൻ പറ്റുമോ. എത്രയോ പേർ സിനിമ കാണാൻ വരുന്നില്ലേ. സ്വയം തോന്നി ചെയ്യാതിരിക്കുക എന്നതല്ലേ നല്ലത്. കാലങ്ങളായിട്ട് അത് നടക്കുന്നുണ്ട്. ഇപ്പോൾ നമുക്ക് ഒ.ടി.ടിയുണ്ട് തിയേറ്റർ ഉണ്ട്, എന്നിട്ടും ഇതിനെയെല്ലാം ഡിപെന്റ് ചെയ്യുന്നത് എന്താണെന്ന് മനസിലാവുന്നില്ല.

കാണാൻ ആളുകൾ ഉള്ളത് കൊണ്ടായിരിക്കും ഇതെല്ലാം ഷൂട്ട്‌ ചെയ്ത് ഇടുന്നത്. കാണണ്ടായെന്ന് നമ്മളും ഷൂട്ട് ചെയ്യേണ്ടായെന്ന് അവരും തീരുമാനിച്ചാൽ മാത്രമേ ഈ പ്രശ്നം തീരുകയുള്ളൂ,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About Theater Prints Of New Films