മേക്കിങ് മികവ് കൊണ്ട് വലിയ ശ്രദ്ധ നേടിയ ടൊവിനോ തോമസ് ചിത്രമായിരുന്നു തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ളൊരു ആക്ഷൻ പടമായിരുന്നു. യൂത്തിനിടയിൽ വലിയ ആഘോഷമായി മാറിയ ചിത്രം കൂടിയാണ് തല്ലുമാല.
ലുക്മാൻ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരുടെയും ഗംഭീര പ്രകടനം കണ്ട പടമായിരുന്നു തല്ലുമാല. ചിത്രത്തിനായി താരങ്ങൾ എടുത്ത എഫേർട്ടും വലിയ ചർച്ചയായിരുന്നു.
തല്ലുമാലയിലെ പോലെ വഴക്ക് കൂടി സൗഹൃദത്തിലായവർ തന്റെ റിയൽ ലൈഫിൽ ഉണ്ടെന്ന് പറയുകയാണ് ടൊവിനോ. റിയൽ ലൈഫിൽ തല്ലുണ്ടാക്കുന്നത് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഉണ്ടായിട്ടല്ലെന്നും ടൊവിനോ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.
‘റിയൽ ലൈഫിൽ തല്ലുകൾ ഉണ്ടാകുന്നത് കാരണങ്ങളൊന്നും ഉണ്ടായിട്ടല്ല. കാര്യമുള്ള കാരണങ്ങൾക്കാണോ എന്ന് ചോദിച്ചാൽ അല്ല. ചിലപ്പോൾ അവൻ എന്നെ നോക്കി എന്നതിനൊക്കെയാവും തല്ല് ഉണ്ടാവുന്നത്.
അത് അങ്ങനെ തന്നെ അവതരിപ്പിച്ചത് കൊണ്ടും അത് കൺവിൻസിങ്ങായി പ്രേക്ഷകർക്ക് തോന്നിയത് കൊണ്ടുമാണ് സിനിമ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത്. റിയൽ ലൈഫിൽ ഒരു ഇടി ഉണ്ടായി കഴിഞ്ഞാൽ ആ ഇടി കാലക്കാലത്തേക്ക് ഒരു വെറുപ്പിലല്ല അവസാനിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾ നോക്കിയാലും നമുക്കത് മനസിലാവും.
ജംഷിയും വസീം തമ്മിൽ അടി ഉണ്ടാവുന്നതും അത് കഴിഞ്ഞ് വികാസും രാജേഷും തമ്മിൽ അടി ഉണ്ടാവുന്നതും എല്ലാം കഴിഞ്ഞ് ഇവരെല്ലാം ബെസ്റ്റ് ഫ്രണ്ട്സ് ആവുകയാണ്. അത് കഴിഞ്ഞിട്ട് ഷൈൻ ചേട്ടന്റെ കഥാപാത്രവുമായി അടി ആയിട്ട് പിന്നീട് ക്ലൈമാക്സിൽ അടുത്ത തല്ലിന് അയാളും വരുന്നുണ്ട്. ഒരു അടി കഴിഞ്ഞാൽ പിന്നെ സൗഹൃദം.
തുല്യശക്തികൾ തമ്മിൽ തല്ലി തീരുമാനിക്കുകയാണ്. എനിക്ക് അങ്ങനത്തെ എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. വഴക്ക് ഉണ്ടാക്കിയിട്ടുള്ളവരാണ് പിന്നീട് അടുത്ത സുഹൃത്തുക്കളായിട്ടുള്ളവർ,’ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talk About Thallumala Movie And Friendship