ഞാനായിട്ട് എന്തെങ്കിലും പറഞ്ഞ് ആ പ്രശ്നം വലുതാക്കരുതെന്ന് തോന്നി: ടൊവിനോ തോമസ്
Entertainment
ഞാനായിട്ട് എന്തെങ്കിലും പറഞ്ഞ് ആ പ്രശ്നം വലുതാക്കരുതെന്ന് തോന്നി: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 12:05 pm

ഈ കഴിഞ്ഞ ഐ. എഫ്. എഫ്. കെയിൽ പ്രദർശിപ്പിക്കപ്പെട്ട ടൊവിനോ തോമസ് ചിത്രമായിരുന്നു അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ ഡോക്ടർ ബിജുവിന്റെ സിനിമകളെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രഞ്ജിത്ത് നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.

അക്കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞാൽ താൻ ഒരുപക്ഷത്തിൽ മാത്രമായി പോവുമെന്നും എന്റെ അഭിപ്രായം എന്നത് ആ സിനിമയാണെന്നും ടൊവിനോ പറയുന്നു. രഞ്ജിത്ത് ഉദ്ദേശിച്ചത് അങ്ങനെയായിരിക്കില്ലെന്നും അദ്ദേഹവുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും കാൻ ചാനൽ മീഡിയയോട് താരം പറഞ്ഞു.

‘കാണുകയും കേൾക്കുകയും ചെയ്യുന്ന ആളുകൾക്ക് അതെല്ലാം മനസിലായിട്ടുണ്ടാവും. ഞാനായിട്ട് അതിൽ എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ടോ. അതിനകത്ത് ഒരു അഭിപ്രായം പറഞ്ഞാൽ ഞാൻ ഒരു പക്ഷത്തിൽ ആയിപോവും. എന്റെ അഭിപ്രായം എന്ന് പറഞ്ഞാൽ അത് ഞാൻ ചെയ്ത സിനിമയാണ്.

ഒരു ക്വാളിറ്റിയും ഇല്ലാത്ത സിനിമയാണെങ്കിൽ ടാലിൻ പോലൊരു സ്ഥലത്തെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലോട്ട് തെരഞ്ഞെടുക്കപെടില്ലല്ലോ. അദ്ദേഹത്തിന്റെ റെലവൻസിനെ കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ടാണല്ലോ ഞാൻ അദ്ദേഹവുമായിട്ട് സിനിമ ചെയ്തത്.

രഞ്ജിത്ത് സാർ ഉദ്ദേശിച്ചത് അങ്ങനെ ആയിരിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹവുമായി എനിക്ക് നല്ല അടുപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് നടികർ തിലകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.


ഞാനും കൂടി എന്തെങ്കിലും പറഞ്ഞ് ആ പ്രശ്നം വലുതാവരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒരു അഭിപ്രായം പറയുമ്പോൾ ആളുകൾ ജഡ്ജ് ചെയ്യാൻ തുടങ്ങും,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About Ranjith Dr.Biju Issue