ടൊവിനൊ അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്.
അജയന്റെ രണ്ടാം മോഷണം തിയേറ്ററിൽ എത്തുന്നതിന് മുമ്പ് ആരെയെങ്കിലും സിനിമ കാണിക്കാൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്. സിനിമ റിലീസ് ആവുന്നതിന് മുമ്പ് നടൻ പൃഥ്വിരാജ് അജയന്റെ രണ്ടാം മോഷണം കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും താൻ അത് പറഞ്ഞ് പൃഥ്വിരാജിന് മെസേജ് അയച്ചിരുന്നുവെന്നും ടൊവിനോ പറയുന്നു.
തന്നെ പോലുള്ള അഭിനേതാക്കളെ സിനിമയിൽ ഒരുപാട് സ്വപ്നം കാണാൻ പ്രേരിപ്പിച്ചതിൽ വലിയ പങ്ക് വഹിച്ച നടനാണ് പൃഥ്വിരാജെന്നും പുള്ളിയിൽ നിന്നാണ് പലപ്പോഴും അങ്ങനെയൊരു മോട്ടിവേഷൻ കിട്ടിയിട്ടുള്ളതെന്നും ടൊവിനോ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘അജയന്റെ രണ്ടാം മോഷണം തിയേറ്ററിൽ എത്തുന്നതിന് മുമ്പ് രാജുവേട്ടൻ ഒന്ന് കാണണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ പുള്ളിക്ക് മെസേജും അയച്ചിരുന്നു. സമയം കിട്ടുമ്പോൾ ഒന്ന് പടം കാണണേയെന്ന് പറഞ്ഞിട്ട്.
ഏതൊക്കെയോ ഒരു പോയിന്റിൽ നമ്മളെയൊക്കെ കുറച്ചുകൂടെ ആഗ്രഹത്തോടെ നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ചതിൽ, പ്രേരിപ്പിച്ചതിൽ രാജുവേട്ടനുള്ള പങ്ക് വളരെ വലുതാണ്. അതൊട്ടും ചെറുതല്ല. പുള്ളിയിൽ നിന്നാണ് അങ്ങനെ ഒരു മോട്ടിവേഷൻ നമുക്ക് പലപ്പോഴും കിട്ടിയിട്ടുള്ളത്,’ടൊവിനോ പറയുന്നു.
ടൊവിനോ കരിയറിന്റെ തുടക്കത്തിൽ ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായ സെവൻത്ത് ഡേ. അതിന് ശേഷം എന്ന് നിന്റെ മൊയ്തീൻ, എസ്രാ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചിരുന്നു. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിച്ചിരുന്നു.
Content Highlight: Tovino Thomas Talk About Prithviraj And Ajayante Randam Moshanam Movie