| Friday, 4th October 2024, 2:55 pm

ആ ചിത്രത്തിന്റെ രണ്ടാംഭാഗം ചെയ്യാൻ അതിയായ ആഗ്രഹമുണ്ട്, പക്ഷെ അവനെയൊന്ന് കിട്ടണ്ടേ: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവിൽ മലയാളത്തിൽ ഏറെ ആരാധകരുള്ള ഡയറക്ടർ ആക്ടർ കൂട്ടുകെട്ടാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ഗോദയായിരുന്നു. ചിത്രം തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഗോദ.

ടൊവിനോക്ക് പാൻ ഇന്ത്യൻ റീച്ച് നേടി കൊടുത്ത മിന്നൽ മുരളിയായിരുന്നു ബേസിലും ടൊവിനോയും വീണ്ടും ഒന്നിച്ച ചിത്രം. ഒ.ടി.ടി റിലീസായ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടി. ബിഗ് സ്‌ക്രീനിനുപുറമെ ഓഫ് സ്ക്രീനിലും ഇരുവർക്കും വലിയ ആരാധകരുണ്ട്. മികച്ച സൗഹൃദം വെച്ചുപുലർത്തുന്നവരാണ് രണ്ടുപേരും. ടൊവിനോ നിർമിക്കുന്ന പുതിയ ചിത്രം മരണമാസിൽ നായകൻ ബേസിൽ ജോസഫാണ്.

മിന്നൽ മുരളിയുടെ രണ്ടാംഭാഗം ഉണ്ടാവുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. മിന്നൽ മുരളിയുടെ സെക്കന്റ് പാർട്ട് ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും എന്നാൽ ബേസിലിപ്പോൾ തിരക്കുള്ള ഒരു നടനായി മാറിയതുകൊണ്ട് കിട്ടുന്നില്ലെന്നും ടൊവിനോ പറയുന്നു. ഒരു നടനെന്ന നിലയിൽ ബേസിലിന്റെ മികച്ച സിനിമകൾ വരാനുണ്ടെന്നും എന്നാൽ ബേസിൽ എന്ന സംവിധായകനെ നഷ്ടപ്പെടാൻ പാടില്ലെന്നും ടൊവിനോ പറഞ്ഞു. മീഡിയ വൺ ടി.വിയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘മിന്നൽ മുരളി ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷെ ബേസിലിപ്പോൾ വലിയ തിരക്കുള്ള നടനായി മാറിയില്ലേ. അവനെയൊന്ന് കിട്ടണ്ടേ. ബേസിൽ ഇനിയും തിരക്കുള്ള നടനാവും. പക്ഷെ ബേസിൽ ജോസഫ് എന്ന സംവിധായകനെ നഷ്ടപ്പെടാൻ പാടില്ലാത്തതുകൊണ്ട് ഞങ്ങൾ എന്തായാലും അവനെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിക്കും.

ഇപ്പോൾ ബേസിൽ ചെയ്തുകൊണ്ടിരിക്കുന്നത് മരണമാസ് എന്ന ഞാൻ നിർമിക്കുന്ന ചിത്രമാണ്. അതുകഴിഞ്ഞാൽ സംവിധാനം ചെയ്യാനുള്ള പ്ലാൻ ബേസിലിനുണ്ട്. മരണമാസ് മാത്രമല്ല ,സൂക്ഷ്‌മ ദർശനിയെന്നു പറയുന്ന ചിത്രമൊക്കെ വരാനുണ്ട്. അതൊക്കെ ഇത്രയുംകാലം കാണാത്ത ബേസിലിനെ കാണിച്ചു തരുന്ന ചിത്രങ്ങളായിരിക്കും.

ഒരു നടൻ എന്ന നിലയിലും അവൻ ഗംഭീരമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. അഭിനയത്തിൽ ഇനിയും തിരക്കിലാവാനുള്ള സാധ്യതകളുണ്ട്. അപ്പോഴേക്കും സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തുവെച്ചിട്ടുള്ള ചിത്രം അവന് തീർക്കണം. ഇപ്പോൾ ചെയ്യാൻ പോകുന്നത് മിന്നൽ മുരളിയുടെ രണ്ടാംഭാഗമല്ല. പക്ഷെ അതിനുശേഷം മിന്നൽ മുരളി ചെയ്യണമെന്ന് ഞങ്ങൾക്ക് വലിയ ആഗ്രഹമുണ്ട്,’ടൊവിനോ പറയുന്നു.

അതേസമയം ഇരുവരും ഒന്നിച്ചഭിനയിച്ച അജയന്റെ രണ്ടാം മോഷണം തിയേറ്ററിൽ മികച്ചഭിപ്രായവുമായി മുന്നേറുകയാണ്. നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

Content Highlight: Tovino Thomas Talk About Minnal Murali 2

We use cookies to give you the best possible experience. Learn more