ഒരു സിനിമ നല്ലതാണെന്ന് തെളിയിക്കുന്നത് തിയേറ്ററിൽ ഓടുന്നതിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് ടൊവിനോ തോമസ് പറയുന്നു.
ഈ കഴിഞ്ഞ ഐ. എഫ്. എഫ്. കെയിൽ പ്രദർശിപ്പിക്കപ്പെട്ട ടൊവിനോ തോമസ് ചിത്രമായിരുന്നു അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ ഡോക്ടർ ബിജുവിന്റെ സിനിമകളെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രഞ്ജിത്ത് നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.
സിനിമയുടെ റെലവൻസിനെ കുറിച്ച് സംസാരിക്കുമ്പോൾ ലോകപ്രശസ്ത സംവിധായകനായ മാർട്ടിൻ സ്കോർസെസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത് തിയേറ്ററിൽ ഓടി വലിയ വിജയമായ ചിത്രത്തെക്കുറിച്ച് അല്ലെന്നും മറിച്ച് കുമ്മാട്ടിയെന്ന ജി. അരവിന്ദന്റെ ചിത്രമാണെന്നും ടൊവിനോ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘സിനിമയുടെ റെലവൻസിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു ഉദാഹരണം പറയാം. ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റായ, തിയേറ്ററിൽ ഓടി കളക്ഷൻ നേടിയ സിനിമയൊന്നുമല്ല അരവിന്ദൻ എന്ന ഗ്രേറ്റ് സംവിധായകൻ ചെയ്ത കുമ്മാട്ടി എന്ന സിനിമ.
ആ വർഷം ഇറങ്ങി വലിയ വിജയമായ, തിയേറ്ററിൽ നിറഞ്ഞോടിയ സിനിമകളെ കുറിച്ചൊന്നുമല്ല മാർട്ടിൻ സ്കോർസെസ് ഈ കഴിഞ്ഞ വർഷം ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത്. അദ്ദേഹം പോസ്റ്റ് ഇട്ടത് അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തെ കുറിച്ചാണ്. ആ സിനിമയുടെ റീമാസ്റ്റേർഡ് വേർഷൻ അവതരിപ്പിക്കുന്നത് അദ്ദേഹം തന്റെ പോസ്റ്റിലൂടെയാണ്. അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച സംവിധാകരിൽ ഒരാളാണ്.
കുമ്മാട്ടിയുടെ കൂടെ ഇറങ്ങിയ കുറേ സിനിമകൾ ഉണ്ടല്ലോ, തിയേറ്ററിൽ വലിയ വിജയമായ ചിത്രങ്ങൾ ഉണ്ടല്ലോ. അപ്പോൾ തിയേറ്ററിൽ ഓടുന്നതല്ല ഒരു സിനിമയുടെ നിലവാരത്തിന്റെ മാനദണ്ഡം.
കുമ്മാട്ടി തിയേറ്ററിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആയത് കൊണ്ടല്ല അദ്ദേഹം ആ സിനിമയെക്കുറിച്ച് പോസ്റ്റ് ഇട്ടത്. അതിനെ ഞാൻ കുറച്ചൂടെ വിശാലമായാണ് കാണുന്നത്,’ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About Martin Scorses And Kummatty Movie