താൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഈ മാസം ഇറങ്ങനിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സെന്ന് ടൊവിനോ തോമസ്.
താൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഈ മാസം ഇറങ്ങനിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സെന്ന് ടൊവിനോ തോമസ്.
ചിത്രത്തിന്റെ കഥ തനിക്ക് അറിയാമെന്നും താൻ എന്തായാലും തിയേറ്ററിൽ ചെന്ന് കാണുന്ന ചിത്രമായിരിക്കുമതെന്നും ടൊവിനോ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.
ഫെബ്രുവരിയിൽ തന്നെ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം, ബിജു മേനോൻ നായകനാവുന്ന തുണ്ട് എന്നിവയെ കുറിച്ചും ടൊവിനോ സംസാരിച്ചു.
‘മലയാള സിനിമ കണ്ടന്റിന്റെ കാര്യത്തിലും ക്വാളിറ്റിയിലും പിന്നിലാണെന്ന് ഞാൻ ഒരിക്കലും പറയില്ല. സിനിമകളെല്ലാം നല്ല കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നത്. ബാക്കിയുള്ളവർ ദിവസം പത്ത് മണിക്കൂർ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ ഒരു ദിവസം പതിനഞ്ച് മണിക്കൂർ പണിയെടുക്കുന്നുണ്ട്. കാരണം അത്രയും ശ്രമിച്ചാൽ മാത്രമേ എല്ലാവരോടും കോമ്പിറ്റ് ചെയ്യാൻ കഴിയുള്ളൂ. ഞങ്ങളുടെ ഭാഗത്തുനിന്ന് പരമാവധി ശ്രമിക്കുന്നുണ്ട്.
ഈ സിനിമയാണെങ്കിലും ഈ മാസം വരാനിരിക്കുന്ന മലയാളം സിനിമകൾ ആണെങ്കിലും വലിയ പ്രതീക്ഷയുള്ളവയാണ്. നല്ല സിനിമ ആണെങ്കിൽ അതിനെ കൈവിടാതെയിരിക്കുക. എത്ര സിനിമകളാണ് ഈ മാസം വരുന്നത്.
ഇപ്പോൾ ഞാൻ കണ്ടതെയുള്ളൂ മഞ്ഞുമ്മൽ ബോയ്സിന്റെ ടീമിനെ. ഞാൻ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണത്. എനിക്കതിന്റെ കഥ അറിയാം, അതിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ പോയിട്ടുണ്ട്. ഞാൻ എന്തായാലും തിയേറ്ററിൽ തന്നെ പോയി കാണുന്ന സിനിമയായിരിക്കുമത്.
അതുപോലെ ഭ്രമയുഗം എന്ന സിനിമയും ഞാൻ കാത്തിരിക്കുന്ന പടമാണ്. അതുപോലെ ബിജുവേട്ടന്റെ തുണ്ടെന്ന് പറയുന്ന ചിത്രം. അതിന്റെ സംവിധായകൻ തല്ലുമാലയിൽ വർക്ക് ചെയ്തിട്ടുണ്ട്. അതിന്റെ അണിയറപ്രവർത്തകരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. അതിനും ഞാൻ വലിയ കാത്തിരിപ്പിലാണ്.
അങ്ങനെ ഈ മാസം ഇറങ്ങുന്ന സിനിമകളെല്ലാം നിങ്ങൾക്ക് വർക്ക് ആവുകയാണെങ്കിൽ നിങ്ങളും അതിനെയൊന്ന് പ്രോത്സാഹിപ്പിക്കു,’ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About Manjummal Boys Movie