| Monday, 11th March 2024, 2:20 pm

രാജുവേട്ടനോട്‌ ബഹുമാനമുണ്ട്, അനുകരണീയമായ കാര്യമാണ് ആടുജീവിതത്തിനായി അദ്ദേഹം ചെയ്തത്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിനായി പൃഥ്വിരാജ്  നടത്തിയ മേക്ക് ഓവർ കണ്ടപ്പോൾ തനിക്ക് അഭിമാനം തോന്നിയെന്ന് പറയുകയാണ് ടൊവിനോ തോമസ്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്‌ഫോർമേഷൻ അനുകരണീയമാണെന്നും സിനിമയ്ക്കായി വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ടൊവിനോ പറയുന്നു.

മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

ഭൂരിഭാഗം മലയാളികളും വായിച്ചുതീർത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴാണ് ടൊവിനോ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ചത്.

‘രാജുവേട്ടൻ കഥാപാത്രത്തിനായി നടത്തിയ ട്രാൻസ്ഫോർമേഷൻ നമ്മൾ എല്ലാവരും കണ്ടതാണ്. ആ മാറ്റം കൊവിഡ് കാലത്ത് പുള്ളി അതുപോലെ തന്നെ സൂക്ഷിച്ചു ഒരുപാട് നാൾ. അതൊക്കെ വളരെ അനുകരണീയമാണ്, എനിക്ക് വലിയ ബഹുമാനമാണ് രാജുവേട്ടനോട് തോന്നുന്നത്. എന്റെ കരിയറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാത്ത ഒരു അഭിനേതാവാണെങ്കിലും എനിക്ക് അങ്ങനെ തന്നെയാണ് തോന്നുക.

പക്ഷെ ആൾറെഡി ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധവും എനിക്ക് അത്രയും സപ്പോർട്ടും കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് സന്തോഷത്തിലാണ്,’ടൊവിനോ പറയുന്നു.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ട് ബ്ലെസി തനിക്ക് മെസേജ് അയച്ചെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു.

‘നൂറ് ശതമാനം സന്തോഷത്തിലാണ് ഞാൻ. എനിക്ക് നല്ല അഭിമാനമുണ്ട്. ബ്ലെസി സാർ എനിക്ക് മെസേജ് അയച്ച് വരണമെന്ന് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞത് എന്നെ വിളിച്ചില്ലെങ്കിലും ഞാൻ അവിടെ ഉണ്ടാവുമെന്നായിരുന്നു. കാരണം ഇതൊരു ചരിത്രമാവും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ഈ സിനിമയിൽ വർക്ക്‌ ചെയ്തവർക്ക് മാത്രമല്ല മലയാള സിനിമയിൽ വർക്ക്‌ ചെയുന്നവർക്കെല്ലാം വലിയ വാതിലുകളാണ് ഇത് തുറന്ന് തരാൻ പോവുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആഗോളത്തലത്തിൽ ശ്രദ്ധിക്കുന്ന സിനിമയാവുമ്പോൾ അത് ഇത്തരത്തിൽ ഒരു ചിത്രമായിരിക്കണം. ആടുജീവിതത്തിനായി ബ്ലെസി സാർ എത്രയോ വർഷമായി അധ്വാനിക്കുന്നുണ്ട്,’ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas Talk About Makeover Of Prithviraj In Aadujeevitham

Latest Stories

We use cookies to give you the best possible experience. Learn more