എനിക്കിനി അതിനേക്കാൾ വലുത് എന്ത് വേണം, അദ്ദേഹത്തെ പോലൊരാൾ എന്റെ കഥാപാത്രം നന്നായെന്ന് പറയുമ്പോൾ...: ടൊവിനോ തോമസ്
Entertainment
എനിക്കിനി അതിനേക്കാൾ വലുത് എന്ത് വേണം, അദ്ദേഹത്തെ പോലൊരാൾ എന്റെ കഥാപാത്രം നന്നായെന്ന് പറയുമ്പോൾ...: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 9:37 am

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നീലവെളിച്ചം. വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഭാർഗവി നിലയം എന്ന ചിത്രത്തിന്റെ പുതിയ വേർഷൻ ആയിരുന്നു നീലവെളിച്ചം.

പഴയ സിനിമയിൽ വൈക്കം മുഹമ്മദ് ബഷീർ ആയി എത്തിയത് നടൻ മധുവായിരുന്നു. എന്നാൽ നീല വെളിച്ചത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടൻ ടൊവിനോ തോമസ് ആയിരുന്നു.

 

 

നീല വെളിച്ചത്തിലെ തന്റെ പ്രകടനം കണ്ട് നടൻ മധു വിളിച്ചതിനെ കുറിച്ച് പറയുകയാണ് നടൻ ടൊവിനോ തോമസ്. സിനിമ കണ്ട് അദ്ദേഹം തന്നെ വിളിച്ചെന്നും ഒരേ കഥാപാത്രങ്ങൾ രണ്ടു കാലഘട്ടത്തിൽ അവതരിപ്പിച്ചതിനെ കുറിച്ച് നല്ല ബോധ്യമുള്ള അദ്ദേഹം ആത്മാർത്ഥമായാണ് തന്നോട് സംസാരിച്ചതെന്നും ടൊവിനോ പറയുന്നു. അതിനേക്കാൾ വലുത് ഇനിയൊന്നുമില്ലെന്നും കാൻ ചാനൽ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

‘എനിക്കിനി അതിനേക്കാൾ വലുത് എന്തുവേണം. മധു സാറാണ് പറയുന്നത് ആ വേഷം നന്നായിട്ടുണ്ടെന്ന്. എനിക്ക് അദ്ദേഹത്തെ അങ്ങനെ നേരിട്ട് പരിചയം പോലുമില്ല.

ഞാൻ അവതരിപ്പിച്ച കഥാപാത്രം നന്നായിട്ടുണ്ട്, അല്ലെങ്കിൽ അദ്ദേഹം ചെയ്ത ഒരു വേഷത്തെ ഞാൻ മറ്റൊരു രീതിയില അവതരിപ്പിച്ചത് കൊള്ളാമെന്ന് എന്നോട് പറയുന്നത് വളരെ സത്യസന്ധമായാണ്.

കാരണം എന്നോട് എങ്ങനെ പറയേണ്ട ഒരു ആവശ്യവും അദ്ദേഹത്തിനില്ല. വെറുതെ പറഞ്ഞേക്കാം എന്ന അല്ല അദ്ദേഹം അത് പറഞ്ഞത്. വളരെ ആത്മാർത്ഥമായിട്ടാണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കുന്നു.

ഒരേ കഥാപാത്രം ചെയ്തു എന്നതാണ് ഞങ്ങൾക്ക് രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യം. അന്ന് അദ്ദേഹം ആ വേഷം ചെയ്യുമ്പോഴുള്ള സാഹചര്യമല്ല ഇന്ന് ഞാൻ അഭിനയിക്കുമ്പോൾ. അന്ന് അദ്ദേഹത്തിനു മുപ്പതു വയസായിരുന്നു പ്രായം. എനിക്കിപ്പോൾ 33 വയസുണ്ട്.

ഈ വർഷങ്ങളുടെ വ്യത്യാസമുണ്ട്. അതിനെക്കുറിച്ച് പുള്ളിക്ക് പൂർണമായ ബോധമുണ്ട്. അതുകൊണ്ടാണ് എന്നോട് പറഞ്ഞത്, അദ്ദേഹം അവതരിപ്പിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി ചെയ്തിട്ടും നന്നായിട്ടുണ്ടെന്ന്,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About Madhu And Neelavelicham Movie