ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായക നടന്മാർക്കിടയിലേക്ക് വളർന്നുവന്ന യുവതാരമാണ് ടൊവിനോ തോമസ്.
സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച ടൊവിനോ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ സഹതാരമായാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ അന്യഭാഷയിൽ അടക്കം തിരക്കുള്ള താരമായി ടൊവിനോ മാറി. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ശാരീരികമായി ഏതു തരത്തിലുള്ള ഒരുക്കങ്ങൾക്കും തയ്യാറാണ് ടൊവിനോ.
താൻ സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്നു എന്നാണ് ടൊവിനോ പറയുന്നത്. രണ്ട് മൂന്ന് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇന്ന് കാണുന്നവയുടെ ക്വാളിറ്റി അതിനില്ലെന്നും ടൊവിനോ പറയുന്നു. അന്നത്തെ ഉപകരണങ്ങൾ മാത്രം വെച്ചാണ് അവയെല്ലാം ചെയ്തതെന്നും ഇപ്പോൾ ഷോർട്ട് ഫിലിം ചെയ്യുന്നവർ നാളെ സിനിമയിൽ എത്തുമെന്നും ടൊവിനോ പറഞ്ഞു.
‘ഞാനും ഷോർട്ട് ഫിലിമിലൊക്കെയാണ് എന്റെ കരിയർ തുടങ്ങിയത്. വേണമെങ്കിൽ എന്നെ നിങ്ങൾക്ക് ഒരു ഉദാഹരണമായിട്ട് കാണാവുന്നതാണ്.
ഞാൻ രണ്ടുമൂന്ന് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് നിങ്ങൾ ഒന്നും ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ക്വാളിറ്റിയൊന്നും അതിനില്ല. 2010 – 11കാലഘട്ടത്തിൽ ലഭ്യമായ ഉപകരണങ്ങൾ മാത്രം വെച്ച് ചെയ്തുകൊണ്ടിരുന്നതാണ്.
ഇന്ന് ഷോർട്ട് ഫിലിമിൽ തന്നെ നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയോടെ ചെയ്യുന്നത് കാണുമ്പോൾ നല്ല സന്തോഷമാണ്. സിനിമയിൽ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള ആളുകളാണ് അവരെല്ലാം,’ടൊവിനോ പറയുന്നു.
അതേസമയം ഈയിടെ ഇറങ്ങിയ ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Content Highlight: Tovino Thomas Talk About His Short Films