ഈ വർഷം മലയാളത്തിൽ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രമായി എത്തുന്ന ചിത്രം ത്രീ.ഡിയിലാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളിലാണ് ടൊവിനോ എത്തുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിന്നൽ മുരളിക്ക് ശേഷമാണ് തന്റെ സിനിമകൾക്ക് പ്രേക്ഷകർ കൂടിയതെന്ന് ടൊവിനോ പറയുന്നു. അജയന്റെ രണ്ടാം മോഷണം വിവിധ ഭാഷകളിൽ ഇറക്കാൻ കാരണം ആ സാധ്യതയാണെന്നും ടൊവിനോ പറഞ്ഞു.
പ്രേക്ഷകർക്ക് പ്രവചിക്കാൻ കഴിയാത്ത നടനാവാനാണ് തനിക്ക് ഇഷ്ടമെന്നും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യാനാണ് എപ്പോഴും ഇഷ്ടമെന്നും ടൊവിനോ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘മിന്നൽ മുരളിക്ക് കിട്ടിയ പാൻ ഇന്ത്യൻ സ്വീകാര്യത ഒരേസമയം എനിക്ക് പുതിയ സാധ്യതകളും ഉത്തരവാദിത്തങ്ങളും നൽകിയിട്ടുണ്ട്. എൻ്റെ സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണം അതിനുശേഷം വർധിച്ചിട്ടുണ്ട്.
കൂടുതൽ നല്ല സിനിമകൾ ചെയ്യാനുള്ള ഉത്തരവാദിത്തമാണത്. അജയന്റെ രണ്ടാം മോഷണം പോലൊരു ബിഗ് ബജറ്റ് ചിത്രം വ്യത്യസ്ത ഭാഷകളിൽ പുറത്തിറക്കാൻ സാധിക്കുന്നതും അത്തരമൊരു മാർക്കറ്റ് തുറന്നുകിട്ടിയതു കൊണ്ടുകൂടിയാണ്. എ.ആർ.എമ്മിനുശേഷം ഐഡന്റിറ്റി എന്ന സിനിമയാണ് അടുത്ത റിലീസ്.
ഫൊറൻസിക് സിനിമയുടെ സംവിധായകരാണ് ആ ചിത്രത്തിനുപിന്നിൽ. അജയന്റെ രണ്ടാം മോഷണത്തിൽനിന്ന് ഏറെ വ്യത്യസ്തമായ ചിത്രമായിരിക്കും അതും. പ്രേക്ഷകർക്ക് പ്രവചനാതീതനായ നടനാവാണ് ശ്രമിക്കുന്നത്. ഓരോ സിനിമയും കഥാപാത്രവും തൊട്ടുമുൻപേ ചെയ്തവയിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം,’ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talk About His Films