നിന്നെ നായകനാക്കാനുള്ള സാറ്റ്ലൈറ്റ് വാല്യുവില്ലെന്ന് ആ സംവിധായകൻ, ഞാനൊരു മറുപടി കൊടുത്തു: ടൊവിനോ തോമസ്
Entertainment
നിന്നെ നായകനാക്കാനുള്ള സാറ്റ്ലൈറ്റ് വാല്യുവില്ലെന്ന് ആ സംവിധായകൻ, ഞാനൊരു മറുപടി കൊടുത്തു: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd September 2024, 2:20 pm

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടി കൊടുത്തു.

ഇന്നിപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ  കയ്യടി നേടുകയാണ് ടൊവിനോ. പണ്ട് സിനിമയിൽ അവസരം ചോദിച്ചു നടന്ന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

അന്ന് ഒരു സംവിധായകനോട് അവസരം ചോദിച്ചപ്പോൾ അയാൾ തന്നെ നായകനാക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്നും തനിക്ക് സാറ്റ്ലൈറ്റ് വാല്യു ഇല്ലെന്നായിരുന്നു ആ സംവിധായകൻ പറഞ്ഞതെന്നും ടൊവിനോ പറയുന്നു. ഒരു ജോലി കിട്ടിയാലേ എക്‌സ്‌പീരിയൻസ് ഉണ്ടാവുകയുള്ളൂ എന്നാൽ എക്‌സ്‌പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ ജോലി തരുകയുള്ളുവെന്ന് പറയുന്ന പോലെയായിരുന്നു അതെന്നും ടൊവിനോ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരിന്നു ടൊവിനോ.

‘പണ്ട് ഞാൻ സിനിമയ്ക്ക് അവസരം ചോദിച്ച് നടക്കുമായിരുന്നു. അന്നൊരു സംവിധായകൻ എന്നോട് പറഞ്ഞത് നിന്നെ നായകനാക്കാൻ പറ്റില്ലെന്നായിരുന്നു. അവർ എന്നോട് പറഞ്ഞത് നിനക്ക് സാറ്റ്ലൈറ്റ് ഇല്ലായെന്നായിരുന്നു. ഒരു ജോലി കിട്ടിയാലേ എക്‌സ്‌പീരിയൻസ് ഉണ്ടാവുകയുള്ളൂ. പക്ഷെ എക്‌സ്‌പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ ജോലി തരുകയുള്ളുവെന്ന് പറഞ്ഞാൽ എന്തുചെയ്യും.

ആ സംവിധായകൻ സാറ്റ്ലൈറ്റിന്റെ കാര്യം പറഞ്ഞപ്പോൾ അവസാനം ഞാൻ പറഞ്ഞു, അതിന് ഞാനൊരു പരിഹാരം കണ്ടിട്ടുണ്ട്, എന്താണതെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ റഷ്യയുടെ ഒരു സെക്കന്റ് ഹാൻഡ് സാറ്റ്ലൈറ്റ് വാങ്ങി വീടിന് മുമ്പിൽ കെട്ടിയിടാം എന്നിട്ട് നിങ്ങൾ എനിക്ക് അവസരം തരുവെന്ന് പറഞ്ഞു. അല്ലാതെ ഞാൻ എന്തുപറയണം,’ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talk About His Film Career