ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന, റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കേസന്വേഷണത്തിന്റെ കഥയാണ് സംസാരിക്കുന്നത്. ചിത്രത്തിലൂടെ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയ രംഗത്തേക്ക് കടക്കുകയാണ്.
അപ്പന്റെ സിനിമ പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. വീട്ടിലെ എല്ലാവർക്കും അതൊരു പുതിയ അനുഭവമായിരുന്നുവെന്നും ചിത്രത്തിലെ വേഷം ഡീസന്റായിട്ട് പുള്ളി ചെയ്തിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ടൊവിനോ പറയുന്നു.
എല്ലാ കാര്യത്തിലും അപ്പനോട് ഉപദേശം ചോദിക്കുന്ന തന്നോട് അപ്പൻ നിർദേശങ്ങൾ ചോദിച്ചത് സിനിമയുടെ കാര്യത്തിൽ മാത്രമാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. നാളെ റിലീസിനൊരുങ്ങുന്ന അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
‘ഞങ്ങൾക്ക് അതൊരു പുതിയ കാര്യമായിരുന്നു. എന്റെ അടുത്ത് ആദ്യം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത്, അപ്പനോ അപ്പൻ അഭിനയിച്ചാൽ ശരിയാവുമോ എന്നായിരുന്നു. പക്ഷെ അതങ്ങനെ വലിയ പ്രകടനമോ, മുഹൂർത്തങ്ങളോ ഉള്ള വേഷമൊന്നുമല്ല. എന്റെ അപ്പനായിട്ട് തന്നെയാണ്. ഒരു മൂന്ന് നാല് ഷോട്ടിലാണ് ഉള്ളത്. അത് അത്യാവശ്യം ഡീസന്റായിട്ട് പുള്ളി ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ഇതിന്റെ ഷൂട്ടിന് വരുന്ന സമയത്ത്. ഈ എൽ. കെ. ജിയിലൊക്കെ പിള്ളേരെ കൊണ്ട് വരുന്ന പോലെയായിരുന്നു. അമ്മയൊക്കെ കൂടെ വന്നിട്ടുണ്ടായിരുന്നു. അമ്മയ്ക്കായിരുന്നു ഏറ്റവും കൗതുകം. സാധാരണ മോൻ ആയിരുന്നു സിനിമയിൽ അഭിനയിക്കുന്നത്. അപ്പൻ അഭിനയിച്ചാൽ എങ്ങനെയുണ്ടാവുമെന്ന കൗതുകമായിരുന്നു എല്ലാവർക്കും.
എല്ലാകാര്യത്തിലും ഞാൻ അവസാനം ഉപദേശം തേടാറുള്ളത് എന്റെ അപ്പന്റെ അടുത്തായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. സിനിമയുടെ കാര്യത്തിൽ മാത്രമേ അത്തരത്തിൽ ഉപദേശം തേടതിരുന്നിട്ടുള്ളൂ. ബാക്കി കുടുംബപരമായിട്ടുള്ള സാമ്പത്തികപരമായിട്ടുള്ള കാര്യങ്ങളിലെല്ലാം ഞാൻ അപ്പനോട് നിർദേശങ്ങൾ ചോദിക്കാറുണ്ട്. ഈയൊരൊറ്റ ഏരിയയിലാണ് എനിക്ക് അപ്പനേക്കാൾ എക്സ്പീരിയൻസുള്ളത്,ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About His Father