ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായക നടന്മാർക്കിടയിലേക്ക് വളർന്നുവന്ന യുവതാരമാണ് ടൊവിനോ തോമസ്.
സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച ടൊവിനോ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ സഹതാരമായാണ് ആദ്യമായി അഭിനയിക്കുന്നത്.
തുടർന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ അന്യഭാഷയിൽ അടക്കം തിരക്കുള്ള താരമായി ടൊവിനോ മാറി. വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
ചെയ്യുന്ന കഥാപാത്രങ്ങൾ സംതൃപ്തി നൽകുന്നുണ്ടോ എന്ന് മാത്രമാണ് കുറച്ചുകാലമായി താൻ ശ്രദ്ധിക്കുന്നതെന്ന് ടൊവിനോ പറയുന്നു. കഥാപാത്രത്തിനായി കഴിവിന്റെ പരമാവധി എടുക്കാറുണ്ടെന്നും അത് പ്രേക്ഷകർ സ്വീകരിക്കുമോ എന്നത് പിന്നീടുള്ള കാര്യമാണെന്ന് ടൊവിനോ കാൻ ചാനൽ മീഡിയയോട് പറഞ്ഞു.
‘ഞാൻ കുറച്ചു നാളുകൾ ആയിട്ട് ശ്രദ്ധിക്കുന്നത്, ഞാൻ ചെയ്യുന്ന സിനിമകൾ എനിക്ക് സംതൃപ്തി നൽകുന്നുണ്ടോ എന്നാണ്. ഒരു കഥാപാത്രം ചെയ്യുമ്പോൾ എന്റെ ഭാഗത്തുനിന്നും മാക്സിമം എഫേർട്ട് നൽകി നല്ലൊരു ഔട്ട് പുട്ട് കിട്ടുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്.
ബാക്കിയുള്ളവർ എന്ത് വിചാരിക്കും, പ്രേക്ഷകർ അത് സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്കപ്പോൾ ചിന്തിക്കാൻ കഴിയില്ല. അപ്പോൾ ചിന്തിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
എന്റെ കഴിവിന്റെ പരമാവധി നൽകി കൊണ്ട് മാക്സിമം ഒരു കഥാപാത്രം എങ്ങനെ നന്നാക്കാം എന്നാണ് ഞാൻ ചിന്തിക്കുക. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ വേണ്ടി തന്നെയാണ് സിനിമ ചെയ്യുന്നത്.
എന്നാൽ ആ സമയത്ത് അത് ചിന്തിക്കാൻ കഴിയില്ല. പക്ഷെ അതെങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ച് ഞാൻ പലതരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ട് എന്നെ നിയന്ത്രിക്കാതിരിക്കാനാണ് ഞാൻ പരമാവധി ശ്രമിക്കുക,’ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talk About His Character Selections