തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ആ നടൻ മലയാളിയാണെന്ന് പലർക്കും അറിയില്ല: ടൊവിനോ
Entertainment
തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ആ നടൻ മലയാളിയാണെന്ന് പലർക്കും അറിയില്ല: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd September 2024, 4:19 pm

അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ കഥാപാത്രങ്ങളായി ടൊവിനോ എത്തുന്ന ചിത്രമാണ് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം.

ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്. കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവർ നായികയായി എത്തിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് ഹരീഷ് ഉത്തമൻ ആയിരുന്നു.

മലയാളിയായിട്ടും അന്യഭാഷകളിൽ കൂടുതൽ തിളങ്ങിയിട്ടുള്ള നടനാണ് ഹരീഷ് ഉത്തമൻ. തമിഴ് സിനിമയിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച ഹരീഷ്, ലോകേഷ് കനകരാജ് ചിത്രമായ കൈതിയിലൂടെയെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

ഹരീഷിനോട് അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രൊമോഷന് എന്തായാലും വരാൻ പറഞ്ഞത് താനാണെന്നും തമിഴ്, കന്നഡ, തെലുങ്ക് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം മലയാളിയാണെന്ന് പലർക്കും അറിയില്ലെന്നും ടൊവിനോ പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ഇദ്ദേഹം ഏതാണ് മുതലെന്ന് അറിയുമോ. ഹരീഷ് ഏട്ടൻ മലയാളം അറിയുമോയെന്ന് ആളുകൾ ഇനി വീണ്ടും ചോദിക്കും. അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രൊമോഷന് എന്തായാലും വരണമെന്ന് ഞാൻ പറഞ്ഞിരുന്നു. വേറെയൊന്നുമല്ല പുള്ളി ചെയ്ത് വെച്ചിട്ടുള്ള പരിപാടികൾ അത്രയും വലുതാണ്.

പുള്ളി മലയാളത്തിൽ അഭിയനയിച്ചിട്ടുണ്ട് തെലുങ്കിൽ അഭിനയിച്ചിട്ടുണ്ട് തമിഴ് സിനിമയുടെ ഭാഗമായിട്ടുണ്ട് കന്നഡയിലുണ്ട് അങ്ങനെ എല്ലാ ഭാഷയിലുമുണ്ട്. പക്ഷെ പുള്ളി മലയാളിയാണ് കണ്ണൂർക്കാരനാണ് എന്നത് അധികം ആർക്കും അറിയില്ല,’ടൊവിനോ പറയുന്നു.

തന്നെ മലയാളത്തിൽ അധികം ആർക്കും അറിയില്ലെന്നും താൻ കണ്ണൂർക്കാരനാണെന്നും ഹരീഷ് പറയുന്നു.

‘ഇതിന് മുമ്പും ഞാൻ മലയാളത്തിൽ പ്രൊമോഷനൊക്കെ വന്നിട്ടുണ്ട്. പക്ഷെ കുറേപേർക്ക് എന്നെ അറിയില്ല. ഇന്ന് രാവിലെയും ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കണ്ടിട്ട് ആരോ ചോദിച്ചു, മലയാളം അറിയുമോയെന്ന്. സത്യത്തിൽ ഞാൻ തലശ്ശേരിയാണ്, പക്ഷെ വളർന്നതൊക്കെ കൊയമ്പത്തൂരാണ്,’ഹരീഷ് ഉത്തമൻ പറയുന്നു.

Content Highlight: Tovino Thomas Talk About Hareesh Uthaman