| Monday, 11th March 2024, 11:23 am

ആ ചിത്രങ്ങൾ വിജയമാവുമ്പോൾ അതിന്റെ ഗുണം എനിക്കും കൂടെ ബാധകമാണ്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ഏറ്റവും നല്ല സമത്തിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. 2024 തുടക്കത്തിൽ തന്നെ മികച്ച ആരംഭമാണ് മലയാളത്തിന് ലഭിച്ചത്.

കഴിഞ്ഞ മാസം ഇറങ്ങിയ സിനിമകളെല്ലാം ബോക്സ്‌ ഓഫീസിനെ പിടിച്ചു കുലുക്കിയ കാഴ്ച്ചയാണ് കണ്ടത്. യുവ താരങ്ങൾ അണിനിരന്ന റോം കോം ചിത്രം പ്രേമലു അപ്രതീക്ഷിത മുന്നേറ്റം ബോക്സ്‌ ഓഫീസിൽ നടത്തിയിരുന്നു. സിനിമ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതോടെ തെലുങ്കിലും റിലീസ് ചെയ്തിരുന്നു.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗവും മലയാളികൾ ആഘോഷമാക്കി. വർഷങ്ങൾക്ക് ശേഷം പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ എത്തിയ ചിത്രം വലിയ വിജയമായി. ഏറ്റവും ഒടുവിൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സാണ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റിയത്.

യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിന്നു. അങ്ങനെ മലയാള സിനിമ ഏറ്റവും ഉയർച്ചയിലുള്ള സമയമാണ്.

എന്നാൽ മലയാള സിനിമ ഇതല്ല, ഇതിനപ്പുറത്തേക്ക് വളരുമെന്നാണ് ടൊവിനോ പറയുന്നത്. താനും മലയാള സിനിമ ഇൻഡസ്ട്രിയിലാണ് എന്നത് അഭിമാനമാണെന്നും താൻ ഭാഗമല്ലാത്ത സിനിമകൾ സ്വീകരിക്കപ്പെടുമ്പോൾ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോൾ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, ഇതല്ല ഇതിനപ്പുറത്തേക്കും മലയാള സിനിമ ഇനിയും വളരും. അങ്ങനെ വളരുന്ന സമയത്ത് ഞാനും ഈ ഇൻഡസ്ട്രിയിൽ ഉണ്ടല്ലോ എന്നതാണ് വലിയ സന്തോഷം. ഇൻഡസ്ട്രിക്ക് ഒരിക്കലും ഒറ്റയ്ക്ക് വളരാൻ കഴിയില്ല. അതിന്റെ കൂടെ ഒപ്പമുള്ള എല്ലാവരും വളരണം. എനിക്കും ആ വളർച്ച ബാധകമാണ്.

ഇപ്പോൾ ഞാൻ ഭാഗമല്ലാത്ത സിനിമകൾ ആണെങ്കിൽ പോലും. എനിക്ക് വളരെ അടുപ്പമുള്ള ആളുകളാണ് ഈ എല്ലാ സിനിമയുടെയും പിറകിലുള്ളത്. ആ സിനിമകളൊക്കെ നന്നായി പെർഫോം ചെയ്യുന്ന സമയത്ത് അതിന്റെ ഗുണം എനിക്കും കൂടെയാണെന്ന സ്വാർത്ഥമായ കാരണം കൂടി അതിനു പിന്നിലുണ്ട്,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About Growth Of Malayalam Cinema

We use cookies to give you the best possible experience. Learn more