| Tuesday, 4th June 2024, 9:11 am

ഞാൻ കണ്ടിട്ടുള്ള ഏറ്റവും ബെസ്റ്റ് തല്ല് ലാലേട്ടന്‍റെതാണ്, തിയേറ്ററിൽ വലിയ ഇമ്പാക്ടായിരുന്നു അതിന്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ലൂസിഫറിലെ ഫൈറ്റ് രംഗങ്ങളെ കുറിച്ച് പറയുകയാണ് ടൊവിനോ തോമസ്.

സിനിമയിൽ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റാണ് ലൂസിഫറിലെ മോഹൻലാലിന്റേതെന്നും അത് വലിയ ഇമ്പാക്റ്റാണ് തിയേറ്ററിൽ സമ്മാനിച്ചതെന്നും ടൊവിനോ പറയുന്നു. ആ ഫൈറ്റ് രംഗം പ്ലേസ് ചെയ്ത രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു.

‘സ്റ്റൈൽ വെച്ചിട്ട് എനിക്ക് ലൂസിഫറിലെ ലാലേട്ടന്റെ ഫൈറ്റ് സീനാണ് ഏറ്റവും ഇഷ്ടം. അത് പ്ലേസ് ചെയ്തിരിക്കുന്ന രീതിയെല്ലാം എന്നെ അത്ഭുതപ്പെടുത്തി.

ലാലേട്ടന്റെയും രാജുവേട്ടന്റെയുമൊക്കെ ഒപ്പം ഇരുന്നിട്ടാണ് ഞാൻ ലൂസിഫർ കാണുന്നത്. ലാലേട്ടന്റെ ഫാൻസൊക്കെ ആ തിയേറ്ററിൽ ഉണ്ടായിരുന്നു. അങ്ങനെയൊരു തിയേറ്ററിൽ ഇരുന്ന് ലാലേട്ടന്റെ ആ ഫൈറ്റ് കാണുമ്പോൾ അതൊരു വലിയ പരിപാടിയായിരുന്നു.

സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന് പറയുമ്പോൾ അത് ഭയങ്കര എഫക്റ്റാണ് നമുക്ക് നൽകുക. ഞാൻ ഇരുന്ന് കണ്ട മൂഡും പ്ലേസുമെല്ലാം വലിയ ഇമ്പാക്റ്റാണ് നൽകിയത്,’ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talk About Fight Of Mohanlal In Lucifer Movie

We use cookies to give you the best possible experience. Learn more