സിനിമ കാണുന്ന പ്രേക്ഷകർ തന്റെ കഥാപാത്രത്തെ തിയേറ്ററിൽ തന്നെ ഉപേക്ഷിക്കണമെന്നും പിന്നീട് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴോ മറ്റു സമയങ്ങളിലോ അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും നടൻ ഫഹദ് ഫാസിൽ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫഹദിന്റെ ഈ വാക്കുകളെ കുറിച്ചുള്ള നടൻ ടൊവിനോ തോമസിന്റെ അഭിപ്രായം പങ്കുവെക്കുകയാണ് താരം.
നന്നായി ആലോചിക്കുമ്പോൾ ഫഹദ് പറഞ്ഞത് ശരിയാണെന്നും എന്നാൽ നമ്മൾ ചെറുപ്പം മുതലേ ചർച്ച ചെയ്യുന്ന ഒരു കാര്യമാണ് സിനിമയെന്നും നിത്യജീവിതത്തിൽ ഒരു സിനിമ ഡയലോഗ് പറയാത്ത ആരുമില്ലെന്നും ടൊവിനോ പറയുന്നു.
മറ്റേതൊരു ജോലിയും പോലെ തന്നെയാണ് സിനിമയെന്നും എന്നാൽ അതിനോട് ഇഷ്ടമുള്ളത് കൊണ്ടാണ് വീണ്ടും സംസാരിക്കുന്നതെന്നും ടൊവിനോ പറഞ്ഞു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ശരിക്കും ആലോചിക്കുമ്പോൾ അങ്ങനെയാണ്. പക്ഷെ ഒന്ന് ആലോചിച്ച് നോക്ക് നമ്മൾ ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് സിനിമയെ കുറിച്ചാണ്. സിനിമയുടെ റഫറൻസുകളെ കുറിച്ചാണ്.
നമ്മുടെ സ്വാഭാവിക ജീവിതത്തിൽ എന്തായാലും സിനിമ ഡയലോഗുകൾ വരും. ഒരു കല്യാണ വീട്ടിൽ ചെന്നാൽ, മോനേ കുറച്ച് ചോറ് ഇടട്ടെ എന്ന ഡയലോഗ് പറയാത്ത ഏത് കല്യാണ വീടുണ്ട്. ഒരുപക്ഷെ സിനിമ അത്രയും ഇൻഫ്ലുവൻസ് ചെയ്യുന്ന ഒന്നായത് കൊണ്ടാവാം ചിലർക്ക് അങ്ങനെ തോന്നുന്നത്.
ശരിക്കും പറഞ്ഞാൽ മറ്റ് ഏതൊരു പണിയും പോലെ വന്ന് ചെയ്ത് തിരിച്ചു പോവുന്ന ഒരു സാധനം തന്നെയാണ് സിനിമ. അതിനപ്പുറത്തേക്കുള്ള ചർച്ച ആവശ്യമില്ല. അദ്ദേഹം പറഞ്ഞത് കറക്റ്റാണ്. പക്ഷേ നമുക്കത് ഒഴിവാക്കാൻ പറ്റില്ല. സിനിമയോടും അതിലെ ആളുകളോടും അടുപ്പമുള്ളത് കൊണ്ടാണ് നമ്മൾ വീണ്ടും അങ്ങനെ ചിന്തിക്കുന്നത്, സംസാരിക്കുന്നത്,’ ടൊവിനോ തോമസ്