ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് മാത്രമേ എല്ലാവരും ചോദിക്കുന്നുള്ളൂ, കാത്തിരിക്കൂ: ടൊവിനോ തോമസ്
Entertainment
ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് മാത്രമേ എല്ലാവരും ചോദിക്കുന്നുള്ളൂ, കാത്തിരിക്കൂ: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 10, 06:48 am
Tuesday, 10th September 2024, 12:18 pm

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ പിന്നീട് ചിത്രത്തിന്റേതായ കൂടുതൽ അപ്ഡേറ്റൊന്നും പൃഥ്വിയും സംഘവും പുറത്തുവിട്ടിരുന്നില്ല.

ഒന്നാംഭാഗത്തിൽ ജെതിൻ രാംദാസ് എന്ന കഥാപാത്രമായി കയ്യടി വാങ്ങിയ നടനാണ് ടൊവിനോ തോമസ്. എമ്പുരാനിൽ ജെതിൻ രാംദാസ് ഉണ്ടാവുമോയെന്ന ചോദ്യത്തിന് എമ്പുരാന് വേണ്ടി കാത്തിരിക്കൂവെന്നാണ് ടൊവിനോ പറയുന്നത്.

ലൂസിഫർ പോലെ എമ്പുരാനും കാത്തിരുന്നാൽ രസമുണ്ടാവുമെന്നും അങ്ങനെ കാണുന്നതാണ് നല്ലെതെന്നും ടൊവിനോ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ജെതിൻ രാംദാസ് എമ്പുരാനിൽ ഇനി പ്രസംഗിക്കുമോയെന്ന് എനിക്കറിയില്ല. അത് നിങ്ങൾ എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. എന്തായാലും കാത്തിരിക്കൂ.

എമ്പുരാനെ കുറിച്ച് മാത്രമല്ലേ അത് ചോദിക്കുന്നുള്ളൂ. ലൂസിഫർ അങ്ങനെ കാത്തിരുന്നു കണ്ടപ്പോൾ നല്ല രസം ഉണ്ടായിരുന്നില്ലേ. എമ്പുരാനും അങ്ങനെ കാത്തിരുന്നു കണ്ടാൽ നല്ല രസമുണ്ടാവും,’ടൊവിനോ പറയുന്നു.

അതേസമയം ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം മിന്നൽ മുരളിക്ക് ശേഷമുള്ള ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രമാണ്. അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Tovino Thomas Talk About Empuran Movie