ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ സംവിധാനം ചെയ്യുന്ന മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എ.ആര്‍.എം. മൂന്നുകാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളില്‍ ടൊവിനോ എത്തുന്നു.
ഈ ഓണത്തിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രം ത്രീ.ഡിയിലാണ് പുറത്തിറങ്ങുന്നത്.
ഷൂട്ട് പൂർത്തിയായിട്ട് നാളുകളായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ കാരണമാണ് സിനിമ റിലീസാവാൻ വൈകിയത്. കഴിഞ്ഞ വർഷം ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയുടെയും അജയന്റെ രണ്ടാം മോഷണവും ഒന്നിച്ചാണ് ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് ടൊവിനോ.
തന്നെ ചിത്രത്തിലെ ഗെറ്റപ്പിൽ ആദ്യമായി കാണുന്നത് ദുൽഖറാണെന്ന് പറയുകയാണ് ടൊവിനോ തോമസ്. അന്ന് തങ്ങൾ മുകളിലും താഴെയുമായിട്ടാണ് താമസിച്ചിരുന്നതെന്നും ടൊവിനോ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘മുകളിൽ ദുൽഖറിന്റെ ഷൂട്ട് നടക്കുന്ന കാര്യം എനിക്കറിയാം. കിങ് ഓഫ് കൊത്തയുടെ ഷൂട്ടാണ്. ദുൽഖറിന് അന്ന് നൈറ്റ് ഷൂട്ടാണ്. ഞങ്ങൾക്കും നൈറ്റ് ഷൂട്ടാണ്. ദുൽഖർ മുകളിൽ ഇരിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.
എന്നെ ഫസ്റ്റ് മണിയന്റെ മേക്കപ്പിൽ കാണുന്നത് ദുൽഖറാണ്. ഞാൻ ബാക്കിലൂടെ ചെന്നിട്ട് ദുൽഖറിനെ പേടിപ്പിക്കാൻ നോക്കി. പെട്ടെന്ന് ദുൽഖർ തിരിഞ്ഞ് നോക്കിയിട്ട്, നീയാണോ എന്ന് ചോദിച്ചു.
ദുൽഖർ ഷൂട്ടിന് പോവാൻ നിൽക്കുകയാണ്. എനിക്ക് മേക്കപ്പിന് കുറച്ച് നേരം ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾ മുകളിലും താഴെയുമായിട്ടാണ് താമസിച്ചത്. ദേഹം മുഴുവൻ കരി തേച്ചിട്ടാണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. എല്ലാവരും പോയി കഴിഞ്ഞാൽ ഞാൻ ആ കാരവാന്റെ താഴെ ഇരുന്നിട്ട് ചകിരിയിട്ട് ഉരച്ച് കരിയൊക്കെ കളയും,’ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas Talk About Dulqure Salman