അജയന്റെ രണ്ടാം മോഷണത്തിലെ രണ്ട് കഥാപാത്രങ്ങൾ ആ വലിയ താരങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ ഞാൻ പറഞ്ഞിരുന്നു: ടൊവിനോ
Entertainment
അജയന്റെ രണ്ടാം മോഷണത്തിലെ രണ്ട് കഥാപാത്രങ്ങൾ ആ വലിയ താരങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ ഞാൻ പറഞ്ഞിരുന്നു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th September 2024, 8:52 am

ഈ വർഷം മലയാളത്തിൽ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് ടൊവിനോ തോമസ് നായകനാവുന്ന അജയന്റെ രണ്ടാം മോഷണം. മിന്നൽ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോയുടെ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം.

മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ അജയൻ, കുഞ്ഞിക്കേളു, മണിയൻ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ത്രീ. ഡിയിൽ റിലീസാവുന്ന ചിത്രം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്യുന്നത്.

 

ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഏതെങ്കിലും ഒരു കഥാപാത്രം മാത്രമാണ് താൻ ചെയ്യാൻ തീരുമാനിച്ചതെന്നും മറ്റ് രണ്ട് വേഷങ്ങൾ വലിയ രണ്ട് താരങ്ങളെ വെച്ചെടുക്കുന്നതാവും നല്ലതെന്ന് താൻ സംവിധായകനോട്‌ പറഞ്ഞെന്നും ടൊവിനോ പറയുന്നു. എന്നാൽ മൂന്ന് കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായപ്പോഴാണ് മൂന്നും താൻ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ഈ സിനിമയുടെ കഥ ആദ്യമായി കേട്ടപ്പോൾ ഞാൻ സംവിധായകനായ ജിതിനോട് പറഞ്ഞത് ഒരു കഥാപാത്രം മാത്രം ഞാൻ ചെയ്യാമെന്നാണ്. ബാക്കി രണ്ടും വേറേ വലിയ താരങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞു.

എന്നാൽ ഈ മൂന്ന് കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധവും മൂന്നും ഒരാൾ ചെയ്യേണ്ടതിന്റെ പ്രാധാന്യവുമെല്ലാം വിശദീകരിച്ചതോടെയാണ് ട്രിപ്പിൾ റോൾ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ അജയനും കുഞ്ഞികേളുവും മണിയനുമായി.

മൂന്ന് കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും സ്വഭാവ സവിശേഷതകളുമുള്ളവരാണ്. അതിനാൽ ഓരോന്നിലേക്കും എത്താൻ കുറച്ച് സമയം ആവശ്യമായിരുന്നു. മൂന്നുപേരുടെ സീനുകളും മൂന്ന് സിനിമപോലെ ഷൂട്ടു ചെയ്താൽ സഹായകമാകും എന്ന നിർദേശം ജിതിനും സ്വീകാര്യമായിരുന്നു.

അതെനിക്ക് അഭിനയിക്കുമ്പോൾ ഏറെ സഹായകമായി. ചിയോതിക്കാവെന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത്. പ്രണയം, സംഘട്ടനം, ഫാൻ്റസി, ത്രില്ലർ തുടങ്ങി എല്ലാതരം ഴോണറിലും ഉൾപ്പെടുത്താവുന്ന സിനിമയാണിത്,’ടൊവിനോ പറയുന്നു.

 

Content Highlight: Tovino Thomas Talk About Casting Of Ajayante Randam Moshanam Movie