വീഴുമ്പോൾ സേഫായി വീഴണം, പരിക്കില്ലാതെ രക്ഷപ്പെടണം: ടൊവിനോ തോമസ്
Entertainment
വീഴുമ്പോൾ സേഫായി വീഴണം, പരിക്കില്ലാതെ രക്ഷപ്പെടണം: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th February 2024, 12:07 pm

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായക നടന്മാർക്കിടയിലേക്ക് വളർന്നുവന്ന യുവതാരമാണ് ടൊവിനോ തോമസ്.

സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച ടൊവിനോ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ സഹതാരമായാണ് ആദ്യമായി അഭിനയിക്കുന്നത്.

തുടർന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ അന്യഭാഷയിൽ അടക്കം തിരക്കുള്ള താരമായി ടൊവിനോ മാറി. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ശാരീരികമായി ഏതു തരത്തിലുള്ള ഒരുക്കങ്ങൾക്കും തയ്യാറാണ് ടൊവിനോ.

മിന്നൽ മുരളി, കള, തല്ലുമാല തുടങ്ങിയ താരത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ഫ്ലെക്സിബിലിറ്റി വേണ്ട കഥാപാത്രങ്ങൾ ആയിരുന്നു. നിരന്തരമായി വ്യായാമം ചെയ്യുന്ന ടൊവിനോ പറയുന്നത്, ശരീര സൗന്ദര്യത്തിനുപരി കൂടുതൽ കാലം ജീവിക്കാനാണ് താൻ വ്യായാമം ചെയ്യുന്നതെന്നാണ്. വരും തലമുറയിലെ കുട്ടികളെ തീർച്ചയായും ഇത്തരത്തിൽ എന്തെങ്കിലും പഠിപ്പിക്കണമെന്ന് ടൊവിനോ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ശരീര സൗന്ദര്യത്തിനപ്പുറം നമ്മൾ കുറച്ച് ബുദ്ധിമുട്ടി വ്യായാമം ചെയ്യുകയാണെങ്കിൽ കുറച്ചൂടെ കാലം ജീവിച്ചിരിക്കാം. കുറച്ച് കൂടി കാലം ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യാം.

നിർബന്ധമായും നമ്മൾ അടുത്ത തലമുറയെ എന്തെങ്കിലുമൊരു കായികാഭ്യാസം പഠിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ അത് പഠിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി. കാരണം ഒന്ന് വീണാൽ ഒരുപാട് പരിക്കൊക്കെ പറ്റുന്ന ഒരാൾ തന്നെയാണ് ഞാനും.

പക്ഷെ ഇപ്പോൾ വീഴുന്ന സമയത്ത് സേഫ് ആയിട്ട് വീഴാൻ പഠിച്ചു. അതായത് ഇപ്പോൾ എനിക്ക് പരിക്ക് പറ്റാത്ത രീതിയിൽ വീഴാൻ അറിയാം,’ടൊവിനോ പറയുന്നു.

 

Content Highlight: Tovino Thomas Talk About Body Fitness