മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീർത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
ചിത്രത്തിനായി താനും വലിയ ആകാംക്ഷയിലാണെന്ന് നടൻ ടൊവിനോ തോമസ് പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ബ്ലെസി സാർ മെസേജ് അയച്ചപ്പോൾ, സാർ വിളിച്ചില്ലെങ്കിലും താൻ വരുമെന്നാണ് പറഞ്ഞതെന്നും ചിത്രം തീർച്ചയായും ഒരു ചരിത്രമാവുമെന്നും ടൊവിനോ പറയുന്നു.
മലയാള സിനിമയ്ക്ക് വലിയൊരു വാതിൽ തുറക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്നും പൃഥ്വിരാജിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ടൊവിനോ പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോൾ മാധ്യമ പ്രവർത്തകാരോട് സംസാരിക്കുകയായിരുന്നു താരം.
‘നൂറ് ശതമാനം സന്തോഷത്തിലാണ് ഞാൻ. എനിക്ക് നല്ല അഭിമാനമുണ്ട്. ബ്ലെസി സാർ എനിക്ക് മെസേജ് അയച്ച് വരണമെന്ന് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞത് എന്നെ വിളിച്ചില്ലെങ്കിലും ഞാൻ അവിടെ ഉണ്ടാവുമെന്നായിരുന്നു. കാരണം ഇതൊരു ചരിത്രമാവും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ഈ സിനിമയിൽ വർക്ക് ചെയ്തവർക്ക് മാത്രമല്ല മലയാള സിനിമയിൽ വർക്ക് ചെയുന്നവർക്കെല്ലാം വലിയ വാതിലുകളാണ് ഇത് തുറന്ന് തരാൻ പോവുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആഗോളത്തലത്തിൽ ശ്രദ്ധിക്കുന്ന സിനിമയാവുമ്പോൾ അത് ഇത്തരത്തിൽ ഒരു ചിത്രമായിരിക്കണം. ആടുജീവിതത്തിനായി ബ്ലെസി സാർ എത്രയോ വർഷമായി അധ്വാനിക്കുന്നുണ്ട്. രാജുവേട്ടൻ കഥാപാത്രത്തിനായി നടത്തിയ ട്രാൻസ്ഫോർമേഷൻ നമ്മൾ എല്ലാവരും കണ്ടതാണ്.
ആ മാറ്റം കൊവിഡ് കാലത്ത് പുള്ളി അതുപോലെ തന്നെ സൂക്ഷിച്ചു ഒരുപാട് നാൾ. അതൊക്കെ വളരെ അനുകരണീയമാണ്, എനിക്ക് വലിയ ബഹുമാനമാണ് രാജുവേട്ടനോട് തോന്നുന്നത്. എന്റെ കരിയറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാത്ത ഒരു അഭിനേതാവാണെങ്കിലും എനിക്ക് അങ്ങനെ തന്നെയാണ് തോന്നുക.
പക്ഷെ ആൾറെഡി ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധവും എനിക്ക് അത്രയും സപ്പോർട്ട് കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് സന്തോഷത്തിലാണ്,’ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About Aadujeevitham Movie