Advertisement
Entertainment
എന്റെ അഭിനയം കണ്ട് അയാൾ പേടിച്ചു, ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതി അനങ്ങാതെ ഇരുന്നു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 22, 04:02 am
Sunday, 22nd September 2024, 9:32 am

യുവ നടന്മാർക്കിടയിൽ ഇന്ന് ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് ടൊവിനോ മുൻനിര നായക നടനായി മാറുന്നത്. ഇപ്പോൾ തിയേറ്ററിൽ തകർത്തോടികൊണ്ടിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടൊവിനോ.

ഒരു യാത്രക്കിടയിലെ രസകരമായ അനുഭവം പറയുകയാണ് ടൊവിനോ. താനും കുടുംബവും ഒരു വിദേശ യാത്ര നടത്തിയിരുന്നുവെന്നും അന്ന് താനൊരു ആക്ടിങ് ട്രെയ്നിങ് കഴിഞ്ഞിരിക്കുകയായിരുന്നുവെന്നും ടൊവിനോ പറയുന്നു. ഒരു ഇടവേള സമയത്ത് താൻ ആക്ടിങ് ട്രെയ്നിങ്ങിന്റെ ഭാഗമായി ചില കാര്യങ്ങൾ പരീക്ഷിച്ച് നോക്കിയിരുന്നുവെന്നും എന്നാൽ അത് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ പേടിച്ചുപോയെന്നും ടൊവിനോ പറയുന്നു. റേഡിയോ സിറ്റി മലയാളത്തോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ഞാനൊരു വെക്കേഷന് ട്രിപ്പിന് പോയിരുന്നു വൈഫിനും പിള്ളേർക്കുമൊപ്പം. ജോർദാനും ഇസ്രാഈലിലുമൊക്കെയാണ് പോയത്. അതിന് മുമ്പ് ഞനൊരു ആക്ടിങ് ട്രെയ്നിങ് ചെയ്തിരുന്നു. അതിന് ശേഷം പെട്ടെന്ന് പ്ലാൻ ചെയ്ത ട്രിപ്പ്‌ ആയിരുന്നു അത്.

അവിടെ ഞങ്ങൾക്ക് ഒരു ഡ്രൈവർ ചേട്ടൻ ഉണ്ടായിരുന്നു. അവിടുത്തെ ആളാണ്. ഞങ്ങൾ എല്ലാവരും ബാക്ക് സീറ്റിലാണ് ഇരിക്കുന്നത്. ഞങ്ങൾ പുറപ്പെട്ട് കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും ഭാര്യയും പിള്ളേരും ഉറങ്ങി. ഡ്രൈവർ ചേട്ടനും ഉറങ്ങി.

ഞാൻ നോക്കുമ്പോൾ എന്നെ ആരും ശ്രദ്ധിക്കുന്നില്ല. അങ്ങനെ ആരും ശ്രദ്ധിക്കാത്ത സമയത്താണല്ലോ നമുക്ക് ആക്റ്റിങ് ട്രെയ്നിങ് പരീക്ഷിച്ച് നോക്കാൻ കഴിയുക. എനിക്ക് മുന്നിലെ കണ്ണാടിയിൽ എന്റെ മുഖം ഇങ്ങനെ കാണാൻ പറ്റുന്നുണ്ട്.

ആ കണ്ണാടിയിൽ ഞാൻ ഇങ്ങനെ നോക്കിയിട്ട്, കണ്ണ് തള്ളി പിടിക്കുന്നു. വൈഡാക്കുന്നു. മുകളിലേക്കും താഴേക്കും ആക്കുന്നു. കണ്ണാടി നോക്കി ഞാൻ എക്സ്പ്രഷനൊക്കെ മാറ്റുന്നുണ്ട്. രൗദ്രം, ഹാസ്യം എന്നൊക്കെ പറഞ്ഞ് ഞാൻ ഓരോന്ന് ചെയ്യുന്നുണ്ട്.

ഇടയ്ക്ക് ഞാൻ ഒന്ന് മുന്നോട്ട് പാളി നോക്കിയപ്പോൾ ഡ്രൈവർ പേടിച്ച് ഇരിക്കുകയാണ്. ഞാനിപ്പോൾ അയാളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയിലാണ് പുള്ളി ഇരിക്കുന്നത്(ചിരി ). ഞാൻ ചെയ്യുന്നതൊക്കെ പുള്ളി കാണുന്നുണ്ടായിരുന്നു,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About a Funny Memory