| Tuesday, 9th August 2022, 4:34 pm

ഷൈന്റെ അഭിമുഖങ്ങള്‍ കാണാറുണ്ട്, പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരിക്കണം, ആരേയും ദ്രോഹിച്ചിട്ടല്ല കണ്ടന്റിന് റീച്ച് ഉണ്ടാക്കേണ്ടത്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രൊമോഷന്‍റെ പ്രസ് മീറ്റിന് വരുന്ന മാധ്യമങ്ങളുടെ സമീപനങ്ങളെ വിമര്‍ശിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ച് ടൊവിനോ തോമസ്. ഷൈന്‍ ആരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നും കണ്ടന്റിന്റെ വ്യൂസ് മാത്രം നോക്കുമ്പോള്‍ അദ്ദേഹം മനുഷ്യനാണെന്നുള്ള കാര്യം മറക്കരുതെന്നും ടൊവിനോ പറഞ്ഞു.

‘ഇതുവരെ അദ്ദേഹം ആരോടും മോശമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത് ഈ കാലഘട്ടത്തിന്റേതായ പ്രശ്‌നമാണ്. ക്ലിക്ക് ബൈറ്റുകളും കണ്ടന്റിന്റെ വ്യൂസും മാത്രം നോക്കുമ്പോള്‍ മനുഷ്യനാണെന്നുള്ള കാര്യം മറക്കരുത്, അദ്ദേഹം മനുഷ്യനല്ലേ. അപ്പോള്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കണം. ആരേയും ദ്രോഹിച്ചിട്ടല്ലല്ലോ കണ്ടന്റിന് റീച്ച് ഉണ്ടാക്കുന്നത്.

ആദ്യം അദ്ദേഹം സംസാരിച്ചിരുന്നത് ഫ്രെണ്ട്‌ലിയായിട്ടായിരുന്നു. പ്രസിന് മുമ്പില്‍ അഭിനയിച്ച് സംസാരിക്കുന്ന ആളല്ല ഷൈന്‍. ഷൈന്റെ എല്ലാ അഭിമുഖങ്ങളും കാണുന്നതാണ്. പുള്ളി വളരെ ജെനുവിനാണ്, പറയുന്നതൊക്കെ ഫാക്റ്റാണ്. അഭിമുഖങ്ങള്‍ക്ക് കൊടുക്കുന്ന തലക്കെട്ടുകള്‍ ഭയങ്കര പ്രശ്‌നമാണ്,’ ടൊവിനോ പറഞ്ഞു.

തല്ലുമാല പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ പ്രസ് മീറ്റിലായിരുന്നു ടൊവിനോയുടെയും ഷൈന്‍ ടോം ചാക്കോയുടെയും വിമര്‍ശനം.

നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല. അവരാണ് വന്നിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവര്‍ സിനിമ പോലും കാണില്ല. അവര്‍ക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ ചോദിക്കേണ്ട കാര്യമില്ല. ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്നങ്ങള്‍ ഉണ്ടാക്കുക, ഓടിക്കുക, ചാടിക്കുക ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്‍പര്യമെന്ന് ഷൈന്‍ പറഞ്ഞു.

ഇരുവരും ഒന്നിക്കുന്ന തല്ലുമാല ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്. ടൊവിനോ, ഷൈന്‍ എന്നിവര്‍ക്ക് പുറമേ കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന സിനിമക്ക് സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

Content Highlight: Tovino Thomas supports actor Shine Tom Chacko who criticized the media’s approach to the press meet of film promotion 

We use cookies to give you the best possible experience. Learn more