തിരുവനന്തപുരം: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ് ഉയര്‍ത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങളെന്നും എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടുകൂടായെന്നും ടൊവിനോ പറഞ്ഞു.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്.
‘അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ് ഉയര്‍ത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട. പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ. എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ.,’ അദ്ദേഹം പറഞ്ഞു.
നേരത്തെ നടി അപര്‍ണാ ബാലമുരളിയും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെ’ന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ അന്ന് അപര്‍ണ കുറിച്ചത്. വൈകിയ നീതി, അനീതി എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു അപര്‍ണ സ്റ്റോറി പങ്കുവെച്ചത്.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മലയാളി കായിക താരങ്ങളായ സി.കെ. വിനീതും ടോം ജോസഫും രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബോളറായ സി.കെ. വിനീത് പറഞ്ഞിരുന്നു.
‘അവരെ ഭയങ്കര മോശമായാണ് ട്രീറ്റ് ചെയ്യുന്നത്. ജനുവരിയില്‍ തുടങ്ങിയ പ്രതിഷേധമാണ്. പിന്നീട് അവരോട് പറഞ്ഞതൊന്നും പാലിക്കാതായതോടെയാണ് അവര്‍ രണ്ടാമത് ജന്തര്‍ മന്ദറിലിരിക്കാന്‍ വരുന്നത്. അതിന് ശേഷം കോടതി ഇടപെടേണ്ടി വന്നു ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും.
ആരോപണവിധേയനായ ആളുടെ പേരില്‍ 32ഓളം കേസുകളുണ്ട്. ഇത്രയും ക്രിമിനല്‍ ബാക്ക് ഗ്രൗണ്ടുള്ള ഒരാളെയാണ് ഇത്തരത്തില്‍ സംരക്ഷിച്ച് വരുന്നത്. ഒളിമ്പിക് മെഡല്‍ നേടിയ താരങ്ങളെവിശ്വസിക്കാന്‍ പോലും കൂട്ടാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറി കൊണ്ടിരിക്കുന്നത്.
താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കിയിട്ടില്ലെങ്കില്‍ അല്ലേ നാണക്കേടുണ്ടാകുന്നത്. അത്തരത്തില്‍ അല്ലേ അവരോട് പെരുമാറി കൊണ്ടിരിക്കുന്നത്. നമ്മള്‍ പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നത്,’ എന്നാണ് വിനീത് പറഞ്ഞത്.
അതേ സമയം ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ നേടിയെടുത്ത മെഡലുകള്‍ ഗംഗയിലെറിയാന്‍ താരങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ മെഡലുകള്‍ വാങ്ങി അവരെ അതില്‍ നിന്ന് കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു.