| Sunday, 12th May 2024, 9:04 pm

പലരും മുന്നറിയിപ്പ് തന്നു; അന്നെനിക്ക് മനസിലായില്ല, ഇന്ന് മനസിലാകുന്നു: സംവിധായകന്റെ ആരോപണത്തിനെതിരെ ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടത്. സനല്‍ സംവിധാനം ചെയ്ത് ടൊവിനോയും നിര്‍മാണ പങ്കാളിയായിരുന്ന വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു അത്.

ചിത്രത്തില്‍ ടൊവിനോ തന്നെയായിരുന്നു നായകനായി എത്തിയത്. ടൊവിനോ സിനിമ റിലീസ് ചെയ്യാന്‍ സഹകരിക്കുന്നില്ലെന്നും ചിത്രം തിയേറ്ററില്‍ എത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നാണ് പറയുന്നതെന്നുമായിരുന്നു സനല്‍ തന്റെ എഫ്.ബി പോസ്റ്റിലൂടെ പറഞ്ഞത്. ഇപ്പോള്‍ ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് ടൊവിനോ.

‘ഇങ്ങനെ ഒരു കാര്യത്തെ കുറിച്ചുള്ള എക്‌സ്പ്ലനേഷന്‍ തരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം അദ്ദേഹം പറഞ്ഞതില്‍ പലതും അടിസ്ഥാന രഹിതമായത് കൊണ്ട് ഞാന്‍ അത് വിട്ടുകളഞ്ഞതാണ്. പിന്നെ മാധ്യമങ്ങളൊക്കെ ഏറ്റെടുക്കുകയും ഞാന്‍ എന്തോ വലിയ വില്ലനായി ചിത്രീകരിക്കപെടുകയും ചെയ്തത് കൊണ്ടാണ് നിങ്ങള്‍ക്ക് മുന്നില്‍ വന്നത്. ആരുടെ ഭാഗത്താണ് ശരിയും തെറ്റുമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ അത് ഒരു ഭാഗം മാത്രം കേട്ടിട്ടാകരുത്. എന്റെ ഭാഗം കൂടെ കേള്‍ക്കണം.

2020ലാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചത്. അതിനേക്കാള്‍ അധികം സമയം എടുത്തിരുന്നില്ല. അതില്‍ കുറേ ലെങ്ത്തിയായ ഷോട്ടുകളൊക്കെ ഉണ്ടായിരുന്നു. എനിക്ക് പേഴ്‌സണലി ഒരുപാട് ചലഞ്ചിങ്ങായ എന്നാല്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത സിനിമയായിരുന്നു വഴക്ക്. എനിക്ക് വളരെ നല്ല ലേണിങ് എക്സ്പീരിയന്‍സ് കൂടെ ആയിരുന്നു ഈ സിനിമ. ഇതിന്റെ ഷൂട്ടിന്റെ സമയത്ത് മുഴുവന്‍ ഞാന്‍ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. അതിന് മുമ്പ് പലരും പുള്ളിയെക്കുറിച്ച് ഓരോ മുന്നറിയിപ്പ് തന്നെങ്കിലും എനിക്ക് അങ്ങനെ ഒന്നും തോന്നിയിരുന്നില്ല. ഞാന്‍ ലോക കാര്യങ്ങളും സിനിമയെ കുറിച്ചുമൊക്കെയാണ് സംസാരിച്ചിരുന്നത്.

അതുകൊണ്ട് ഷൂട്ടിന്റെ സമയത്തൊക്കെ നല്ല രസമായിരുന്നു. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിന്‍ പ്രൊഡക്ഷന്റെ പകുതി ഞാന്‍ ഏറ്റെടുക്കാമെന്ന് പറയുന്നത്. 27ലക്ഷം രൂപയോളം ഞാന്‍ മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് കുറേ നാളുകള്‍ കഴിഞ്ഞാണ് അദ്ദേഹം ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് അവരത് സ്‌ക്രീന്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് എന്നോട് പറയുന്നത്. പിന്നെ ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം അവര്‍ അത് റിജക്ട് ചെയ്തുവെന്നും ഒരു ഇന്റര്‍നാഷണല്‍ കോക്കസ് നമുക്ക് എതിരായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നൊക്കെ പറയുന്നത്. പുള്ളിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു. അങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന് ഞാന്‍ ആദ്യം വിചാരിച്ചിരുന്നു.

പിന്നീട് ആ സിനിമക്ക് വേറെ ഫെസ്റ്റിവലുകള്‍ കിട്ടി. അതില്‍ നിന്നൊക്കെ റിജക്റ്റ് ചെയ്യപ്പെട്ടു. നല്ലതായാലും ചീത്തയായാലും വിജയമായാലും പരാജയമായാലും ഞാന്‍ എന്റെ സിനിമയെ മോശമായി കാണില്ല. അതിനുശേഷം നമുക്ക് ഐ.എഫ്.എഫ്.കെയില്‍ സ്‌ക്രീന്‍ ചെയ്യാന്‍ അവസരം കിട്ടി. അപ്പോഴും പുള്ളി പറഞ്ഞത് അവരും തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നൊക്കെയാണ്. പക്ഷേ അവിടെ സിനിമ സെലക്ടാവുകയും സ്‌ക്രീന്‍ ചെയ്യുകയും ചെയ്തു. അജയന്റെ രണ്ടാം മോഷണം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഞാന്‍ അപ്പോള്‍ കാസര്‍ഗോഡായിരുന്നു. അവിടുന്ന് ഞാന്‍ തിരുവനന്തപുരത്ത് വരികയും ഫസ്റ്റ് ഷോയില്‍ ആളുകളുടെ കൂടെ ഇരുന്ന് സിനിമ കാണുകയും ചെയ്തു. സിനിമ കാണാന്‍ അന്ന് ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു.

അതിനുശേഷമാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാമെന്ന് പറയുന്നത്. അപ്പോള്‍ അതില്‍ എതിര് നില്‍ക്കുന്നില്ല എന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞത് മറ്റൊരാളെ കൊണ്ടുവന്ന് ഇന്‍വെസ്റ്റ് ചെയ്യിച്ചിട്ട് റിലീസ് ചെയ്യാം എന്നായിരുന്നു. അതിന്റെ റിസ്‌ക് അവര്‍ എടുക്കട്ടെയെന്ന് പറഞ്ഞു. ഐ.എഫ്.എഫ്.കെയില്‍ നല്ല പ്രതികരണം ലഭിച്ചത് കൊണ്ട് മാത്രം ഈ സിനിമ റിലീസ് ചെയ്താല്‍, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകള്‍ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം എനിക്ക് ഉണ്ടായിരുന്നു. എങ്കിലും വഴക്ക് തിയേറ്ററുകളിലെത്തി ഇത് ടൊവിനോയുടെ പരാജയ ചിത്രമെന്ന് വിലയിരുത്തപ്പെട്ടാലും എനിക്ക് രണ്ടുമൂന്ന് സിനിമകള്‍കൊണ്ട് അത് മാനേജ് ചെയ്യാം.

എന്നാല്‍ ഈ സിനിമ അത് അര്‍ഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് ഞാന്‍ പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും എന്റെ കൈയിലുണ്ട്. അത് ഞാന്‍ ആര്‍ക്ക് വേണമെങ്കിലും കാണിച്ചു തരാം. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്, ചേട്ടാ ഞാന്‍ എഴുതി ഒപ്പിട്ടു തരാം നമ്മള്‍ ഐ.എഫ്.എഫ്.കെയില്‍ കണ്ടവരൊന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തിയേറ്ററില്‍ വന്ന് കാണുന്നവരല്ല. അപ്പോള്‍ ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആളുകള്‍ കുറവാണെന്ന് പറഞ്ഞ് ഒരു പരാജയ ചിത്രമെന്ന കണക്കിലെടുക്കപ്പെടും. അങ്ങനെ വന്നാല്‍ ആ സിനിമ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും. അത് എത്തേണ്ട ഓഡിയന്‍സിലേക്ക് അത് എത്തില്ല. ഒ.ടി.ടിയില്‍ റിലീസ് ചെയ്താല്‍ അതിന്റെ ഓഡിയന്‍സിലേക്ക് എത്തുമെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും ചേട്ടന് താത്പ്പര്യമുണ്ടെങ്കില്‍ ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. പിന്നീട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഒ.ടി.ടി ഇതിന്റെ ക്രിയേറ്റീവ് റൈറ്റ്‌സ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിന് സമ്മതിച്ചില്ല. അതോടെ ഞാനും പ്രതിസന്ധിയിലായി…

പണ്ട് ഞാന്‍ പരിചയപ്പെട്ട സമയത്തെ സനലേട്ടനോട് എനിക്ക് ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ എനിക്ക് മനസിലാകുന്നില്ല. ഇതാദ്യമായല്ല പുള്ളി തന്റെ കൂടെ വര്‍ക്ക് ചെയ്തവരെ ക്യാരക്ടര്‍ അസാസിനേഷന്‍ ചെയ്യുന്നത്. അന്നെനിക്ക് മനസിലായില്ല, എന്നാല്‍ ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ അയാളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, കോര്‍ണര്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്, കൊല്ലാന്‍ ശ്രമിക്കുകയാണ്, ഗവണ്‍മെന്റ് കൊല്ലാന്‍ ശ്രമിക്കുകയാണ്, ഞങ്ങള്‍ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നൊക്കെ പറയുമ്പോള്‍ അത് ലോകത്തിന്റെ മുഴുവനും കുഴപ്പമാണോ അതോ അയാളുടെ ചിന്തകളുടെ കുഴപ്പമാണോ. അത് വിലയിരുത്തേണ്ടത് ഞാനല്ല. ഒരാളുടെ മാനസികനിലയോ ചിന്താഗതിയോ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല,’ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.


Content Highlight: Tovino Thomas Spoke Against Allegations Of Sanal Kumar Sasidharan Related Vazhakk Movie

We use cookies to give you the best possible experience. Learn more