ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ സംവിധാനം ചെയ്യുന്ന മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എ.ആര്‍.എം. മൂന്നുകാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളില്‍ ടോവിനോ എത്തുന്നു.
സിനിമയുടെ ഷൂട്ടിങ് നടന്നത് ചീമേനി എന്ന സ്ഥലത്ത് 600 ഏക്കറോളം ഒറ്റപ്പെട്ടുകിടക്കുന്ന ഒരു എസ്റ്റേറ്റ് ആയിരുന്നെന്നും ചെറിയൊരു പ്രേതാന്തരീക്ഷം ഉള്ള സ്ഥലമാണതെന്നും പറയുകയാണ് ടോവിനോ തോമസ്.
ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രത്തിന്റെ വേഷവിധാനങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ഒരു പ്രത്യേക തരം ശബ്ദം കേള്‍ക്കുമെന്നും അത് കേട്ട് സെറ്റില്‍ ഉള്ളവരെല്ലാം പേടിക്കാറുണ്ടായിരുന്നെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു. എഫ്.റ്റി.ക്യൂ. വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘ഈ സിനിമയില്‍ അജയന് മാത്രമേ പാന്റും ഷര്‍ട്ടും കോസ്റ്റ്യുമുണ്ടായിരുന്നൊള്ളു. ബാക്കി രണ്ടു പേര്‍ക്കും ആ കാലഘട്ടത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ആയിരുന്നു. പ്രത്യേകിച്ച് മണിയന്. മണിയന് കുറെ ആഭരണങ്ങളും സൈഡില്‍ ഒരു മണിയും ചിലങ്കയുമൊക്കെ ഉണ്ട്.
രാത്രിയാണ് സിനിമയുടെ ഷൂട്ടിങ് മൊത്തം. ചെറിയ ഒരു പ്രേതാന്തരീക്ഷമുള്ള സ്ഥലം കൂടിയായിരുന്നു അത്. ചീമേനി എന്ന സ്ഥലത്ത് 600 ഏക്കറോളം ഒറ്റപ്പെട്ടുകിടക്കുന്ന ഒരു എസ്റ്റേറ്റ് ആയിരുന്നത്. ഞാന്‍ ഈ മണിയന്റെ കോസ്റ്റ്യുമൊക്കെ ഇട്ടിട്ട് കാരവനില്‍ നിന്നിറങ്ങി ലൊക്കേഷനിലേക്ക് നടക്കുമ്പോള്‍ ചിലും ചിലുമെന്നുള്ള ശബ്ദം കേള്‍ക്കും.
എല്ലാരും ആ ശബ്ദം കേട്ട് പേടിക്കും. ഞാന്‍ ഇതിനുമുമ്പ് പെര്‍ഫോമിങ് ആര്‍ട്ട്‌സ് ഒന്നും ചെയ്തിട്ടില്ല. നമ്മള്‍ ചെയ്യുമ്പോള്‍ അപ്പോള്‍ തന്നെ പ്രതികരണം കിട്ടുന്ന രീതിയിലുള്ളത് ചെയ്തിട്ടില്ല. ഇതില്‍ ഞാന്‍ മൊത്തം മണിയന്റെ മേക്കപ്പ് ഒക്കെ ഇട്ടിട്ട് സെറ്റിലേക്ക് എത്തുന്നതിനു മുമ്പുതന്നെ ആളുകളെല്ലാം ആ സൗണ്ട് കേട്ട് നോക്കുമ്പോള്‍ ഒരു പ്രത്യേകതരം എനര്‍ജിയാണ്,’ ടോവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Sharing Experience In A.R.M Movie Location