ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയെന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എ.ആര്‍.എമ്മിലൂടെ 100 കോടി ക്ലബ്ബില്‍ ടൊവിനോ ഇടംപിടിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഫ്രാഞ്ചൈസിലും ടൊവിനോ ഭാഗമായിട്ടുണ്ട്. ജതിന്‍ രാംദാസ് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യഭാഗത്തില്‍ വന്‍ കൈയടി നേടിയ ജതിന്‍ രണ്ടാം ഭാഗത്തിലും അതേ രീതിയിലുള്ള പെര്‍ഫോമന്‍സ് കാഴ്ചവെച്ചിരുന്നു. നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം തനിക്കിണങ്ങുമെന്ന് ടൊവിനോ എമ്പുരാനിലൂടെ തെളിയിച്ചു.
എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. ചിത്രത്തില്‍ മോഹന്‍ലാലുമായി തനിക്ക് കോമ്പിനേഷന്‍ സീനുണ്ടായിരുന്നെന്നും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു അതെന്നും ടൊവിനോ തോമസ് പറഞ്ഞു. ആ സീനില്‍ തനിക്ക് ക്ലോസപ്പ് ഷോട്ടുകളുണ്ടായിരുന്നെന്നും തന്റെ കഥാപാത്രത്തിന്റെ ഇന്റന്‍സിറ്റി കാണിക്കുന്ന ഷോട്ടായിരുന്നു അതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ക്ലോസപ്പ് ഷോട്ട് എടുക്കുമ്പോള്‍ അപ്പുറത്തെ സൈഡില്‍ ആര്‍ട്ടിസ്റ്റിന്റെ ആവശ്യം വേണ്ടിവരില്ലെന്നും ടൊവിനോ തോമസ് പറയുന്നു. ക്യാമറയുടെ സൈഡിലേക്ക് നോക്കിയാണ് അത്തരം ഷോട്ടുകള്‍ എടുക്കാറുള്ളതെന്നും ആ സീനിലും അങ്ങനെയെടുക്കാമെന്ന് തീരുമാനിച്ചെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ ഷോട്ട് എടുക്കുമ്പോള്‍ മോഹന്‍ലാല്‍ ക്യാമറയുടെ സൈഡില്‍ നിന്ന് തന്നെ സഹായിച്ചെന്നും അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ടൊവിനോ പറഞ്ഞു. തനിക്ക് അത് വലിയ കോണ്‍ഫിഡന്‍സ് തന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘ഈ പടത്തില്‍ എനിക്ക് ലാലേട്ടനുമായി ഒരൊറ്റ സീനില്‍ മാത്രമേ കോമ്പിനേഷന്‍ സീനുള്ളൂ. അത് കഥയില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. എന്റെയും ലാലേട്ടന്റെയും ക്ലോസപ്പ് ഷോട്ട് ആ സീനിലുണ്ട്. സാധാരണ ക്ലോസപ്പ് എടുക്കുന്ന സമയത്ത് അപ്പുറത്ത് ആര്‍ട്ടിസ്റ്റുണ്ടെന്ന് സങ്കല്പിച്ചിട്ട് ക്യാമറയുടെ സൈഡിലേക്ക് നോക്കുന്നതാണ് പതിവ്.
ആ സീനില്‍ അങ്ങനെ ചെയ്യാമെന്ന് ആലോചിച്ചപ്പോള്‍ ലാലേട്ടന്‍ എന്നോട് ‘മോനേ, ഞാന്‍ ക്യാമറയുടെ സൈഡില്‍ നില്‍ക്കണോ’ എന്ന് ചോദിച്ചു. പുള്ളിക്ക് അങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല. എന്നിട്ടും അദ്ദേഹം ചോദിക്കുകയും ക്യാമറയുടെ സൈഡില്‍ പോയി നില്‍ക്കുകയും ചെയ്തു. അതെനിക്ക് കോണ്‍ഫിഡന്‍സ് തന്നു,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas shares the shooting experience with Mohanlal in Empuraan movie