ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒമ്പതിന് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ടൊവിനോയും നടൻ പ്രമോദ് വെളിയനാടും.
ഷൂട്ട് നടക്കുമ്പോൾ ഒരാൾ വന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചെന്നും അത് നടക്കാതെ വന്നപ്പോൾ ബഹളമായെന്നും പ്രമോദ് പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.
‘എനിക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ട്. അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ഷൂട്ട് ചങ്ങനാശ്ശേരി ചന്തയിൽ വച്ച് നടക്കുകയാണ്. ഞങ്ങൾ എല്ലാവരും പൊലീസ് യൂണിഫോമിലാണ് ചില ആളുകൾ ഫോട്ടോ എടുക്കുന്നുണ്ട്, ചിലർ അവിടെ നോക്കി നിൽക്കുന്നുണ്ട്.
ഞങ്ങൾ പറയുന്നുണ്ട് ഫോട്ടോ എടുക്കല്ലേയെന്ന്. ചങ്ങനാശ്ശേരി ചന്തയാണ്. പെട്ടെന്ന് ഒരാൾ വന്നിട്ട് വലിയ ബഹളമായി, നിങ്ങളുടെ കൂടെ ഫോട്ടോ എടുത്താൽ എന്താണ് എന്നൊക്കെ ചോദിച്ചു. അയാൾ കുറച്ച് മദ്യപിച്ചിട്ടുണ്ട്. അപ്പോൾ ടൊവിനോ നല്ല രീതിയിൽ പറഞ്ഞു, ചേട്ടാ ഷൂട്ടിങ് ആയത് കൊണ്ടാണ്, അല്ലാതെ നിങ്ങൾ എടുക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലായെന്ന്. കുറച്ച് പേരുടെ കൂടെ എടുത്തിട്ടൊക്കെയുണ്ട്.
ഉടനെ തന്നെ അയാൾ തിരിച്ചൊരു കമന്റ് അടിച്ചു, ഞങ്ങളുടെ കാശിനല്ലേടാ നീയൊക്കെ വലിയ നടൻ ആയതെന്ന്. ടൊവിനോ ഉടനെ തന്നെ അതിന് മറുപടി കൊടുത്തു, നീയെന്റെ സിനിമ കാണണ്ടായെന്ന്,’ പ്രമോദ് വെളിയനാട് പറഞ്ഞു.
എല്ലാവരും ചെയ്യുന്നത് ജോലിയാണെന്നും സമൂഹത്തിലുള്ളവർ പരസ്പരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും ടൊവിനോയും കൂട്ടിച്ചേർത്തു.
‘ഒരു കർഷകന്റെ അടുത്ത് ചെന്ന് ഞങ്ങളൊക്കെ ചോറ് തിന്നുന്നത് കൊണ്ടല്ലേ നീയൊക്കെ ജീവിക്കുന്നത് എന്ന് പറയാൻ പറ്റുമോ. ഉടനെ തന്നെ അയാൾ, നീ ഉണ്ണണ്ടായെന്ന് തിരിച്ചു പറഞ്ഞാൽ തീർന്നില്ലേ എല്ലാം.
എല്ലാവരും ചെയ്യുന്നത് ജോലിയാണ് ഞങ്ങൾക്ക് ഇതൊരു തൊഴിലാണ്. പുള്ളി പറഞ്ഞതിൽ തെറ്റൊന്നുമില്ല. അവരെല്ലാം കാരണമാണ് ഞങ്ങൾ നിലനിൽക്കുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരുടെയും നിലനിൽപ്പിനായി സഹകരിച്ച് ജീവിക്കുന്നത് കൊണ്ടാണ് ഇതൊരു സൊസൈറ്റിയാവുന്നത്. പക്ഷെ അതിന് അവകാശം സ്ഥാപിക്കേണ്ട കാര്യമെന്താണ്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Shares Shooting Experince Of Anweshpin Kandethum