പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. എ.ബി.സി.ഡി, സെവന്‍ത്ത് ഡേ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.
ടൊവിനോ തോമസ് നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ ആ സിനിമയില്‍ താന്‍ അധികം പണിയെടുത്തിട്ടില്ലെന്ന് പറയുകയാണ് ടൊവിനോ തോമസ്. സാമ്പത്തികമായിട്ടുള്ള കാര്യങ്ങള്‍ നോക്കുന്നത് തന്റെ സഹോദരനും മാനേജരുമാണെന്ന് ടൊവിനോ പറഞ്ഞു.
അതുപോലെ എമ്പുരാന്‍ എന്ന ചിത്രത്തിന് വേണ്ടിയും താന്‍ അധികം സ്‌ട്രെയിന്‍ എടുക്കേണ്ടി വന്നിട്ടില്ലെന്നും സംവിധായകന്‍ പറയുന്നത് കൃത്യമായി ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് സിനിമയുടെ മേലെയും ആളുകള്‍ക്ക് നല്ല പ്രതീക്ഷയുണ്ടെന്നും മരണമാസിന്റെ ടീം മുഴുവന്‍ നല്ല രീതിയില്‍ ആ സിനിമക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.
എമ്പുരാന്‍ എന്ന സിനിമയും വലിയ രീതിയില്‍ ഒരുങ്ങുന്ന സിനിമയാണെന്നും പൃഥ്വിരാജിന്റെ വിഷന്‍ ആ സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. രണ്ട് സിനിമക്ക് വേണ്ടിയും താന്‍ അധികം പണിയെടുത്തിട്ടില്ലെന്നും എന്നാല്‍ രണ്ട് സിനിമയും വലിയ വിജയം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും ടൊവിനോ തോമസ് പറഞ്ഞു.
‘മരണമാസിന്റെ പ്രൊഡ്യൂസറുടെ പേരിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും അതിന്റെ ഒരു ടെന്‍ഷനും എനിക്കില്ല. അതിന്റെ ഫിനാന്‍ഷ്യലായിട്ടുള്ള കാര്യങ്ങള്‍ നോക്കുന്നത് എന്റെ ചേട്ടനും മാനേജരുമാണ്. മാത്രമല്ല, ആ സിനിമക്ക് വേണ്ടി അതിന്റെ ഡയറക്ടറടക്കമുള്ള ടീം മുഴുവന്‍ മാക്‌സിമം എഫര്‍ട്ട് ഇടുന്നുണ്ട്. അതെല്ലാം എനിക്ക് സമാധാനം തരുന്ന കാര്യമാണ്.
അതുപോലെയാണ് എമ്പുരാനും. ആ സിനിമയിലേക്ക് ഞാന്‍ പോയിട്ട് എന്റെ പോര്‍ഷന്‍ എന്താണോ, അത് കൃത്യമായി എടുക്കാന്‍ പറ്റുന്ന ഡയറക്ടറാണ് ആ പടത്തിന് ഉള്ളത്. അതുകൊണ്ട് എമ്പുരാനെക്കുറിച്ചും എനിക്ക് വലിയ ടെന്‍ഷനൊന്നുമില്ല. ഞാന്‍ അധികം പണിയെടുത്തില്ലെങ്കിലും വലിയ വിജയമാകണമെന്ന് ആഗ്രഹിക്കുന്ന സിനിമകളാണ് എമ്പുരാനും മരണമാസും,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas shares his expectations on Empuraan and Maranamass movie