| Monday, 26th September 2022, 6:34 pm

കുട്ടികള്‍ കുറുമ്പ് കാണിക്കുമ്പോള്‍ 'ബച്ചോ, ഏസാ നഹി കര്‍ത്താ'എന്ന് പറയും; കട്ട നൊസ്റ്റു അടിച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലത്ത് കാസറ്റെടുത്ത് സിനിമ കണ്ടിരുന്നതിന്റെയും ദൂരദര്‍ശനില്‍ കാര്‍ട്ടൂണുകള്‍ കണ്ടതിന്റെയും ഓര്‍മകള്‍ പങ്കുവെച്ച് ടൊവിനോ തോമസ്. ചെറുപ്പം മുതലേ സിനിമകള്‍ കാണാന്‍ ഇഷ്ടമായിരുന്നെന്നും ഇഷ്ടപ്പെട്ട സിനിമകല്‍ പല തവണ കാണാറുണ്ടെന്നും പറയുകയാണ് ടൊവിനോ.

മഴവില്‍ മനോരമയിലെ ക്രേസി സ്റ്റാഴ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ടൊവിനോ നൊസ്റ്റാള്‍ജിക്കായത്. പണ്ട് ശക്തിമാന്‍ സീരിയല്‍ കാണുന്നതിനെ കുറിച്ചും അതിലെ ചില ഹിന്ദി വാക്കുകള്‍ കുട്ടികളെ പേടിപ്പിക്കാന്‍ പലരും ഉപയോഗിച്ചിരുന്നതിനെ കുറിച്ചും രസകരമായി ടൊവിനോ രസകരമായി സംസാരിച്ചു.

‘പണ്ട് വീഡിയോ കാസറ്റിന്റെ സമയത്ത് വെള്ളിയാഴ്ച കാസറ്റെടുക്കും. രണ്ട് ദിവസം കഴിഞ്ഞേ അത് തിരിച്ചു കൊടുക്കേണ്ടി വരു. വെള്ളിയാഴ്ച രാത്രി വീട്ടുകാരുടെ കൂടെയിരുന്ന് സിനിമ കാണും. പിറ്റേ ദിവസം ഞാനും ചേട്ടനും കൂടെ ഇരുന്ന് വീണ്ടും കാണും.

ദൂരദര്‍ശനില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും സിനിമയുണ്ട്. ഇത് ചിലപ്പോ ഹിന്ദി സിനിമയാകും. ഞായറാഴ്ച നാല് മണിക്ക് സിനിമയുണ്ട്. അതുകഴിഞ്ഞ് മൗഗ്ലിയുണ്ട്.

പിന്നെ ശക്തിമാനുണ്ടായിരുന്നു. ആദ്യം ചൊവ്വാഴ്ചയായിരുന്നു ശക്തിമാന്‍ ദൂരദര്‍ശനില്‍ കാണിച്ചിരുന്നത്. കുറച്ച് കഴിഞ്ഞാണ് ഞായറാഴ്ചത്തേക്ക് മാറ്റിയത്.

അപ്പോഴാണ് ‘ബച്ചോ’ ‘സോറി ശക്തിമാന്‍’ എന്ന ഡയലോഗ്‌സൊക്കെ പോപ്പുലറായത്. ആപ്ഭീതി എന്ന ഹിന്ദി പ്രേത സീരിയല്‍ ആക്രോശ് എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്ത് വന്നിരുന്നു.

ശക്തിമാന്‍ കണ്ട് കുറെ ഡയലോഗ് പഠിക്കുന്ന പരിപാടിയുണ്ടായിരുന്നു അന്ന്. പിള്ളേര് കുറുമ്പ് കാണിക്കുമ്പോള്‍ ‘ബച്ചോ, ഏസാ നഹി കര്‍ത്താ’ എന്നൊക്കെ പലരും പറയാറുണ്ടായിരുന്നു അന്ന്. സീരിയലില്‍ ലാസ്റ്റ് ഒരു പയ്യന്‍ വന്ന് സോറി ശക്തിമാന്‍ എന്ന് പറയും,’ പൊട്ടിച്ചിരിച്ചുകൊണ്ട് ടൊവിനോ പറഞ്ഞു.

ഇങ്ങനെ, കുട്ടിക്കാലം മുതലേ സിനിമകളെ ഇഷ്ടപ്പെട്ട ടൊവിനോ ഇന്ന് നടനെന്ന നിലയില്‍ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. മിന്നല്‍ മുരളിയിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയ ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് നേടിയത്. ചിത്രം നിരൂപകശ്രദ്ധയും നേടി.

അതിനു മുന്‍പിറങ്ങിയ ഡിയര്‍ ഫ്രണ്ടും വാശിയുമെല്ലാം ഏറെ ചര്‍ച്ചയാവുകയും ചെയ്തു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചമാണ് ടൊവിനോയുടെ പുതിയ ചിത്രം.

Content Highlight: Tovino Thomas shares funny experience from childhood

We use cookies to give you the best possible experience. Learn more