| Saturday, 13th August 2022, 8:06 am

'ആ കേസ് തള്ളിപ്പോവും, ഇവന്‍ നമ്മളെ മനുഷ്യരായിട്ട് കണ്ടിട്ടില്ലല്ലോ, പിന്നെങ്ങനെ കേസ് നിലനില്‍ക്കും'; തല്ലുമാലയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായ തല്ലുമാല ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്തത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് പിന്നാലെ തിയേറ്റര്‍ പൂരപ്പറമ്പാക്കുകയാണ് പ്രേക്ഷകര്‍.

തല്ലിന്റെ ഒരു മാല തന്നെയാണ് റഹ്മാന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയത്. അതുകൊണ്ട് തന്നെ ഷൂട്ടിന്റെ സമയത്തും ഒറിജിനല്‍ തല്ല് തന്നെയായിരുന്നു നടന്നത്. ഷൂട്ടിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ വിഷ്ണു വിജയനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസ്.

‘ഷൂട്ട് നടക്കുന്ന സമയത്ത് റഹ്മാന്‍ ഞങ്ങളുടെ ഹെഡ്മാഷായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫ്രീയായി. പിന്നെ പുള്ളി പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിന്റെ ഹെഡ്മാഷായി. പോസ്റ്റ് പ്രൊഡക്ഷന്‍ ടീം അപ്പോള്‍ ഞങ്ങളുടെ പഴയ അവസ്ഥയിലായി. വിഷ്ണു വെള്ളം കുടിക്കാനൊക്കെ പുറത്തേക്ക് വരുമ്പോള്‍ റഹ്മാന്‍ വന്ന് എന്താ ഇവിടെ, ചെന്ന് പണിയെടുക്ക് 12-ാം തിയതി പടമിറക്കാനുള്ളതാണെന്ന് പറയും.

വിഷ്ണുവിനെ കണ്ടപ്പോള്‍ റഹ്മാന്‍ ശരിക്കും ഇടിക്കണമെന്ന കാര്യം ഞങ്ങള്‍ അഭിമുഖങ്ങളില്‍ പറയാറുണ്ടെന്ന് പറഞ്ഞു. ലുക്മാനെ കൊണ്ട് എന്നെ ഇടിപ്പിച്ചു, എന്നെക്കൊണ്ട് ലുകുനെ ഇടിപ്പിച്ചു, എല്ലാരും തമ്മില്‍ തമ്മില്‍ അടിച്ചു, മിക്കവാറും മനുഷ്യാവാകാശ കമ്മീഷന്‍ റഹ്മാനെതിരെ കേസെടുക്കും എന്ന് വിഷ്ണുവിനോട് പറഞ്ഞു. ആ കേസ് തള്ളി പോവും, ഇവന്‍ നമ്മളെ മനുഷ്യരായിട്ട് കണ്ടിട്ടുമില്ല, അങ്ങനെ ട്രീറ്റ് ചെയ്തിട്ടുമില്ല, പിന്നെ എങ്ങനെയാ കേസ് നിലനില്‍ക്കുന്നതെന്നാണ് വിഷ്ണു പറഞ്ഞത്,’ ടൊവിനോ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘നന്നായിട്ട് വര്‍ക്ക് ഔട്ട് ചെയ്യണം, സ്റ്റാമിന വേണമെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു. ഇത്രയും വര്‍ക്ക് ഔട്ട് ചെയ്തിട്ടും നമ്മള്‍ പത തുപ്പി. നമ്മള്‍ വിചാരിക്കും, സിനിമയില്‍ അഭിനയിക്കാന്‍ സ്റ്റാമിന അല്ലല്ലോ വേണ്ടത്, ലുക്കില്‍ പിടിച്ചാല്‍ മതിയല്ലോയെന്ന്. പിന്നെ മനസിലായി എന്തുകൊണ്ടാണ് റഹ്മാന്‍ അത് പറഞ്ഞതെന്ന്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

തല്ലുമാലയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കേരളത്തില്‍ 231 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ലുക്മാന്‍, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, ഗോകുലന്‍, ബിനു പപ്പു, ജോണി ആന്റണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Tovino Thomas shares a conversation with thallumala’s sound designer Vishnu Vijayan during the post-production after the shoot

We use cookies to give you the best possible experience. Learn more