മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം തിരക്കേറിയ യുവനടന്മാരില്‍ ഒരാളാണ് ടൊവിനോ. ഒരാഴ്ചത്തെ ഇടവേളയില്‍ രണ്ട് ചിത്രങ്ങളാണ് ടൊവിനോ നായകനായി വരുന്നത്. കഴിഞ്ഞ പത്തിന് ഡിയര്‍ ഫ്രണ്ട് പുറത്തിറങ്ങിയപ്പോള്‍ ഈ 17ന് വാശിയും റിലീസ് ചെയ്യും. ഇതിന് പുറമേ ജൂലൈ ഏഴിന് തല്ലുമാലയും റിലീസിനൊരുങ്ങുകയാണ്.
തിരക്കേറിയ ഷൂട്ടിനിടയിലും ഫിറ്റ്‌നസും ഡയറ്റും നിലനിര്‍ത്താനും ടൊവിനോ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ കയ്യില്‍ നിന്ന് പോവാറുണ്ടെന്നും എന്നാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ തിരിച്ചു പിടിക്കുമെന്നും ടൊവിനോ പറയുന്നു. പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ തന്റെ ഡയറ്റിനെ പറ്റി സംസാരിച്ചത്.
‘എന്റെ കൂടെ എപ്പോഴും ട്രെയ്‌നറുണ്ടാവാറുണ്ട്. ഡയറ്റ് സ്ട്രിക്ട് ആയിട്ട് ഫോളോ ചെയ്യാറുണ്ട്. ചിലപ്പോള്‍ കയ്യില്‍ നിന്നും പോവും. പക്ഷേ തിരിച്ചുപിടിക്കും. ഡയറ്റ് ചെയ്യാത്ത സമയത്ത് 90 കിലോയുണ്ടായിരുന്നു. 2019 ജൂണ്‍ സമയത്തൊക്കെ. ഇപ്പോള്‍ ഗൂഗിള്‍ ചെയ്ത് നോക്കുമ്പോള്‍ ഏതാണ് ഈ അങ്കിള്‍ എന്ന് തോന്നും. മുഖമൊക്കെ കുറച്ച് വീര്‍ത്ത് മീശയൊക്കെ വെച്ചായിരുന്നു.
തല്ലുമാലയ്ക്ക് വേണ്ടി കുറച്ച് വെയ്റ്റ് കുറച്ചിരുന്നു. മിന്നല്‍ മുരളിക്ക് മുമ്പുള്ള കഥാപാത്രങ്ങളൊക്കെ അത്യാവശം ഭാരമുള്ളതായിരുന്നു. പിന്നെ മിന്നല്‍ മുരളി തൊട്ടുള്ള കഥാപാത്രങ്ങളെല്ലാം കുറച്ച് കൂടി ലീന്‍ ആന്റ് ഫിറ്റ് ആയിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. എല്ലാം മാറിയില്ലേ, ആരോഗ്യമാണ് പ്രധാനം. ഇപ്പോള്‍ ടോം ഹോളണ്ടും തിമോത്തി ഷാലമേയുമൊക്കെയാണല്ലോ ട്രെന്റ്. പിടിച്ചുനില്‍ക്കണ്ടേ. പിന്നെ ലീനായിട്ട് ഇരുന്നാല്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ കിട്ടുമെന്ന് തോന്നുന്നു,’ ടൊവിനോ പറഞ്ഞു.
വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയില്‍ കീര്‍ത്തി സുരേഷാണ് നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Tovino Thomas says when he Google his photos in 2019 and felt what this uncle looks like