| Sunday, 12th June 2022, 1:18 pm

വാശിക്ക് വേണമെങ്കില്‍ മറ്റൊരു പേരിടാം, പക്ഷേ അത് ചാക്കോച്ചന്‍ നേരത്തെ കൊണ്ടു പോയി: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസും തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളാവുന്ന വാശി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്.

പേരിലെ കൗതുകമാണ് ചിത്രത്തിന്റെ ഒരു പ്രധാന ആകര്‍ഷക ഘടകം. വാശിക്ക് മറ്റൊരു പേരിടാനാവില്ലെന്നും ഇതാണ് ഏറ്റവും യോജിച്ച പേരെന്നും ടൊവിനോ പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ വാശിയെ കുറിച്ച് പറഞ്ഞത്. കീര്‍ത്തി സുരേഷും ടൊവിനോക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു.

‘വാശിക്ക് ഏറ്റവും ചേരുന്ന പേര് വാശി എന്ന് തന്നെയാണ്. അതുകൊണ്ടാണ് ആ പേരിട്ടത്. പിന്നെ വേണമെങ്കില്‍ ന്നാ താന്‍ കേസ് കൊടുക്ക് എന്നിടാം. പക്ഷേ അത് ഓള്‍റെഡി രതീഷേട്ടന്‍ ചാക്കോച്ചന്റെ പടത്തിന് ഇട്ടു പോയി,’ ടൊവിനോ പറഞ്ഞു.

ഒരാഴ്ചത്തെ ഇടവേളകളില്‍ ടൊവിനോയുടെ രണ്ട് സിനിമകളാണ് വരുന്നത്. ടൊവിനോ നായകനായ ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിനാണ് റിലീസ് ചെയ്തത്. ഒരാഴ്ചത്തെ വ്യത്യാസം ഉണ്ടെങ്കിലും രണ്ട് സമയത്ത് ഷൂട്ട് ചെയ്ത സിനിമകളാണ് വാശിയും ഡിയര്‍ ഫ്രണ്ടെന്നും ടൊവിനോ പറഞ്ഞു.

‘ഡിയര്‍ ഫ്രണ്ടും വാശിയും ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് വരുന്നത്. പക്ഷേ ഷൂട്ട് വ്യത്യസ്ത സമയങ്ങളിലാണ് നടന്നത്. ഡിയര്‍ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് നടന്നത്. വാശി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഷൂട്ട് ചെയ്തത്. ഒന്നാമത്തെ കാര്യം തെന്നിന്ത്യ മുഴുവന്‍ തിരക്ക് പിടിച്ച് നടക്കുന്ന ആള് വന്ന് നില്‍ക്കുമ്പോള്‍ സമയത്ത് ഷൂട്ട് നടക്കണമല്ലോ(കീര്‍ത്തി ചിരിക്കുന്നു). അതുകൊണ്ട് ഞാന്‍ പെട്ടെന്ന് വന്ന് ജോയിന്‍ ചെയ്തു. നല്ല കഥകള്‍ കേള്‍ക്കുമ്പോള്‍ പരമാവധി മിസ് ചെയ്യാതിരിക്കാന്‍ നോക്കും. നമ്മുടെ സിനിമ കണ്ട് ആളുകള്‍ അഭിനന്ദിക്കുന്നത് കേള്‍ക്കാനാണ് ഓടി നടന്ന് സിനിമ ചെയ്യുന്നത്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരായിട്ടാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Tovino thomas says Vashi can’t be given another name and this is the most appropriate name

Latest Stories

We use cookies to give you the best possible experience. Learn more