നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഓഗസ്റ്റ് 12ന് തല്ലുമാല റിലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്തമായ ശൈലിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് പാട്ട് മുതല്‍ ട്രെയ്‌ലറില്‍ നിന്ന് വരെ വ്യക്തമായിരുന്നു. ടൊവിനോ തോമസ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
തല്ലുമാലയിലെ തങ്ങളുടെ കഥാപാത്രങ്ങളെ പറ്റി വിശദീകരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരങ്ങള്‍. ഗോകുലന്റെ കഥാപാത്രത്തെ പറ്റി ടൊവിനോയാണ് പറഞ്ഞുതുടങ്ങിയത്.
‘അധികം റിവീല്‍ ചെയ്യാന്‍ പറ്റാത്ത കഥാപാത്രമാണ് ഗോകുലന്‍ ചേട്ടന്റേത്. പല സുപ്രധാന ഘട്ടങ്ങളിലും നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാവുന്നത് ഈ കഥാപാത്രത്തില്‍ നിന്നാണ്. ചുമ്മാ പറയുന്നതല്ല. ശരിക്കും അങ്ങനെയാണ്. പുള്ളിയാണ് നായകനെന്നാണ് ഖാലിദ് റഹ്മാന്‍ പുള്ളിയോട് പറഞ്ഞത്. എന്നോടും അങ്ങനെ തന്നെയാണ് പറഞ്ഞത്. സിനിമ കാണുമ്പോള്‍ അറിയാം ആരാണ് നായകനെന്ന്. രാജനെന്ന കഥാപാത്രത്തെയാണ് ഗോകുലന്‍ ചേട്ടന്‍ അവതരിപ്പിക്കുന്നത്,’ ടൊവിനോ പറഞ്ഞു.
എന്റെ ഇരിപ്പും മട്ടും കാണുമ്പോള്‍ അറിയാം, ഞാനാണ് നായകനെന്ന് ഗോകുലന്‍ പറഞ്ഞു. തല്ലുമാലയില്‍ വളരെ മികച്ച അനുഭവമായിരുന്നു ലഭിച്ചത്. ഈ സിനിമയിലാണ് ഞാന്‍ ആദ്യമായി ഡാന്‍സ് ചെയ്യുന്നത്. ഇത്രയും വലിയ ഫൈറ്റ് ചെയ്യുന്നത് ഈ സിനിമയിലാണ്. അത് വളരെ വ്യത്യസ്തമായ എക്‌സ്പീരിയന്‍സായിരുന്നുവെന്നും ഗോകുലന്‍ പറഞ്ഞു.
ഈ പടത്തില്‍ ഏറ്റവും അത്യാവശമായിരുന്നത് സ്റ്റാമിന ആണെന്ന് ഓസ്റ്റിന്‍ പറഞ്ഞു. സിനിമയില്‍ ഒരു ഗ്യാങ്ങായിട്ടാണ് ഞങ്ങളെല്ലാവരും. അതിന്റേതായ ഒരു സിങ്ക് ആദ്യം മുതലേ ഞങ്ങളെല്ലാവരും തമ്മിലുണ്ടായിരുന്നു. ഒരുമിച്ച് ജിമ്മില്‍ പോവുകയും ഡാന്‍സ് പ്രാക്ടീസുമൊക്കെയായപ്പോള്‍ എല്ലാവരും കമ്പനിയായി. ഈ പടത്തിന് സ്റ്റാമിന വളരെ അത്യന്താപേക്ഷിതമായിരുന്നു. ഇത്രയും വലിയ പടത്തില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് സന്തോഷമാണെന്ന് ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
ലുക്മാന്റെ കഥാപാത്രത്തെ പറ്റി ടൊവിനോ തന്നെയാണ് പറഞ്ഞത്. ‘ജംഷി എന്ന കഥാപാത്രത്തെയാണ് ലുക്മാന്‍ അവതരിപ്പിക്കുന്നത്. ഇവരെയൊക്കെ പരിചയപ്പെടുത്തുമ്പോള്‍ പറയുന്ന കാര്യം തച്ച് കിട്ടിയ ചങ്ങാതിമാരാണെന്നാണ്. തച്ച് കിട്ടിയത് എന്ന് പറഞ്ഞാല്‍ രണ്ട് അര്‍ത്ഥമുണ്ട്. സ്റ്റിച്ച് ചെയ്‌തെടുക്കുക എന്നതാണ് ഒരു അര്‍ത്ഥം. തല്ലിക്കിട്ടിയത് എന്നാണ് വേറൊരു അര്‍ത്ഥം.
മുഹ്‌സിന്‍ പരാരിയുടെ എഴുത്തിന് രണ്ട് അര്‍ത്ഥങ്ങളുണ്ടാവും. ഞാനും ലുക്മാന്റെ കഥാപാത്രവും തമ്മില്‍ തല്ലിലാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഭയങ്കര ഓര്‍ഗാനിക്കായിട്ടാണ് ഇടി സംഭവിക്കുന്നത്. കാരണം ഒറിജിനല്‍ അടിയായിരുന്നു,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas says that When you see thallumala you know who is the hero