ടൊവിനോ പ്രധാന വേഷത്തിലെത്തിയ തല്ലുമാല തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്. എമ്മിന് കൊടുത്ത ഇന്റര്‍വ്യൂവില്‍ സിനിമയുടെ എഴുത്തുകാരന്‍ മുഹ്സിന്‍ പരാരി ടൊവിനോയുടെ കൂടെ ഒരു മാസം താമസിച്ചപ്പോള്‍ അവന്റെ ഡിസിപ്ലിന്‍ തന്നെ കോംപ്ലക്സ് അടുപ്പിച്ചു എന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കുകയാണിപ്പോള്‍ ടൊവിനോ.
‘എന്റേതെന്നു പറയുന്നത് സീസണല്‍ ഡിസിപ്ലിനാണ്. മുപ്പത് വയസ്സിനു ശേഷമാണ് ഞാന്‍ പിന്നെയും കുറച്ചുകൂടി ഡിസിപ്ലിനായത്. എനിക്ക് രണ്ട് കുട്ടികള്‍ ഉണ്ടായതുകൊണ്ടൊക്കെ ആയിരിക്കാം അത്. എന്നാലും എന്റെയുള്ളില്‍ ഇപ്പോളും വളരാത്ത ഒരു കുഞ്ഞുകുട്ടിയുണ്ട്. ആ കുട്ടി ഇടക്ക് ലഡ്ഡുവും ജിലേബിയുമൊക്കെ വാരി കഴിക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍ മെച്ച്വര്‍ ആയ ഞാന്‍ അതിനെ തടയും.
ഭക്ഷണം ഇഷ്ടമുള്ളയാളാണ് ഞാന്‍. ഡിസിപ്ലിന്‍ പിടിച്ച് തുടങ്ങിയതിന്റെ കാരണം സിനിമയാണ്. ഏതെങ്കിലും ഒരു സിനിമയ്ക്ക് ഡിസിപ്ലിന്‍ നിര്‍ബന്ധമാണെങ്കില്‍ എനിക്കത് പിടിക്കാന്‍ പറ്റും. പക്ഷെ ചുമ്മാ കുറച്ചു ഡിസിപ്ലിന്‍ഡ് ആയി കളയാം എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്, ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്,’ താരം പറഞ്ഞു.
‘ഇപ്പോള്‍ അടുത്ത പടത്തിന് വേണ്ടി മെലിഞ്ഞുക്കൊണ്ടിരിക്കുകയാണ്. രാത്രി എല്ലാവരും പതിവുള്ള ഭക്ഷണമോ അല്ലെങ്കില്‍ നല്ല ഭക്ഷണമോ കഴിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി ചിരിച്ചിരിക്കും. അവര്‍ കഴിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ വേണ്ട എന്ന് പറയും,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റിലീസ് ചെയ്ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണവുമായി തല്ലുമാല തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം.
ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തിയിരുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്.
Content Highlight: tovino thomas says that his discipline is a seasonal discipline