ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത്, അങ്ങനെയാണെങ്കില്‍ മെസിയും റൊണാള്‍ഡോയും മോശക്കാരാണോ: ടൊവിനോ തോമസ്
Film News
ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത്, അങ്ങനെയാണെങ്കില്‍ മെസിയും റൊണാള്‍ഡോയും മോശക്കാരാണോ: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th August 2022, 7:58 am

ഭാഷ എന്നത് ഒരു അലങ്കാരമായിട്ടല്ല ആവശ്യമായിട്ടാണ് താന്‍ കാണുന്നതെന്ന് ടൊവിനോ തോമസ്. തനിക്ക് വലിയ അവകാശവാദങ്ങളൊന്നുമില്ലെന്നും എപ്പോഴും പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ക്ലബ്ബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

മുമ്പ് മിന്നല്‍ മുരളിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ഇംഗ്ലീഷ് ഭാഷയില്‍ അത്ര പ്രാവീണ്യമുള്ള ആളല്ലെന്ന് ടൊവിനോ പറഞ്ഞിരുന്നു. ആളുകള്‍ ഇതിന്റെ പേരില്‍ തന്നെ കളിയാക്കിയാല്‍ മൈന്‍ഡ് ചെയ്യില്ലെന്നും, അത് അവരുടെ പ്രശ്‌നമാണെന്നും ടൊവിനോ പറഞ്ഞിരുന്നു. ഈ സംഭവത്തെ പറ്റി അവതാരകന്‍ പറഞ്ഞപ്പോഴായിരുന്നു ഭാഷയെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ ടൊവിനോ പങ്കുവെച്ചത്.

‘ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും. ഭാഷയ്ക്ക് അത്രയല്ലേ ആവശ്യമുള്ളൂ. കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പോരേ.  റൊണാള്‍ഡോയും മെസിയും എന്താ മോശമാണോ? അവര്‍ എന്തെങ്കിലും കുറവുള്ള ആള്‍ക്കാരാണോ? ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, ആവശ്യത്തിന് ആണെന്നാണ് ഞാന്‍ കരുതുന്നത്.

എപ്പോഴും എന്റെ പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് അങ്ങനെ വലിയ അവകാശവാദങ്ങളൊന്നുമില്ല. ഞാന്‍ ഇങ്ങനെയൊക്കെയാണ്. അത് ആള്‍ക്കാര്‍ക്ക് മനസിലാവുന്നുണ്ടാവും. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു കോമണ്‍മാനാണ് ഞാന്‍. ഞാന്‍ ഇന്ന് സിനിമയിലുണ്ട്. അത്രേയുള്ളൂ,’ ടൊവിനോ പറഞ്ഞു.

‘ഇപ്പോഴുള്ള ജീവിതം ഒരു സ്വപ്‌നം പോലെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍, സിനിമയില്‍ എത്തുമെന്ന് ഒരു ഉറപ്പുമില്ലാതിരിക്കുന്ന കാലത്ത്, ഇന്റര്‍വ്യൂ ഒക്കെ കൊടുക്കുന്നത് ആലോചിച്ചിട്ടുണ്ട്. ആ സമയത്ത് ഞാന്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ പറഞ്ഞിട്ടുണ്ട്. അന്ന് സിനിമയിലേക്ക് വരാന്‍ ശ്രമിക്കണമെന്നോ, വരുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. പഠിത്തം കഴിഞ്ഞിട്ടാണ് വീട്ടുകാരോടും ഗേള്‍ഫ്രണ്ടിനോടും ഒക്കെ സിനിമയാണ് എന്റെ ആഗ്രഹം എന്ന് പറയുന്നത്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Content Highlight: Tovino thomas says that he only see language as a communication tool