|

എട്ടാം ക്ലാസ് വരെ ഞങ്ങള്‍ അടിയായിരുന്നു, ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ചേട്ടനോടാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങി ഇന്ന് മുന്‍ നിര നായക നടന്മാരില്‍ ഒരാളാകാന്‍ ടൊവിനോക്ക് കഴിഞ്ഞിട്ടുണ്ട്.

താന്‍ കടന്നു വന്ന വഴികളെ പറ്റിയും തനിക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കിയവരെ കുറിച്ചും പറയുകയാണ് ടൊവിനോ. ധന്യ വര്‍മയുടെ യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറയുന്നത്.

താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ഒരാള്‍ ചേട്ടന്‍ ആണെന്നും, ചേട്ടന്‍ റിയലിസ്റ്റിക് ചിന്തകളുള്ള ആളാണെന്നും ടൊവിനോ പറയുന്നു.

‘ചേട്ടന്റെ സ്ഥാനത്ത് ഞാനും എന്റെ സ്ഥാനത്ത് ചേട്ടനുമാണെങ്കില്‍ ചേട്ടന്‍ എന്നോട് ചെയ്ത അത്രയും നല്ല കാര്യങ്ങള്‍ ഞാന്‍ ചേട്ടനോട് ചെയ്യുമായിരുന്നോ എന്ന കാര്യം സംശയമാണ്. ജോലിയില്‍ നിന്ന് രാജി വെച്ച് വന്നപ്പോള്‍ 9000 രൂപയാണ് ചേട്ടന്റെ ശമ്പളം അതില്‍ പകുതി എനിക്ക് തരും. എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് ചേട്ടനാണ്

എന്റെ പ്രേമം വീട്ടില്‍ അറിഞ്ഞപ്പോള്‍ അവന് ഇഷ്ടമുള്ള ആളെയല്ലേ കല്യാണം കഴിക്കേണ്ടത് എന്നാണ് അപ്പനോട് ചേട്ടന്‍ പറഞ്ഞത്,’ ടൊവിനോ പറയുന്നു.

ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണെന്നും പണ്ടേ ചേട്ടന്‍ എന്നേക്കാള്‍ പക്വത കാണിക്കാറുണ്ടായിരുന്നുവെന്നും ടൊവിനോ പറയുന്നു.

‘ഞങ്ങള്‍ എല്ലാവരും ഇച്ചിരി ഇമോഷണല്‍ ആയിട്ടുള്ള ആളുകളാണ്. ഇപ്പോഴും കുടുംബം നോക്കുന്നതും എന്നേക്കാള്‍ പണ്ട് മുതലേ പക്വത കാണിക്കുന്നതും ചേട്ടന്‍ ആണ്,’ ടൊവിനോ പറയുന്നു.

അതേസമയം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഒടുവില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രം തല്ലുമാലക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ടൊവിനോ തോമസിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്. ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും സംവിധാനം ചെയ്യുന്ന ചിത്രവും ടോവിനോ തോമസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മഡോണ സെബാസ്റ്റ്യനാണ് ഐഡന്റിറ്റി എന്ന ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്.

Content Highlight: Tovino Thomas says that he is always so much grateful to his brother