| Saturday, 14th December 2024, 9:12 am

എന്റെ സിനിമകള്‍ക്ക് എത്ര കോടി കളക്ഷന്‍ കിട്ടി എന്നതിനെക്കാള്‍ എനിക്ക് പ്രധാനം മറ്റൊരു കാര്യമാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു.

എന്നാല്‍ തന്റെ സിനിമകള്‍ ഒരുപാട് കോടി കളക്ട് ചെയ്തു എന്നതിനെക്കാള്‍ തനിക്ക് പ്രധാനം അതിന്റെ നിര്‍മാതാവിന് നഷ്ടമുണ്ടാകാതിരിക്കുക എന്നതാണെന്ന് ടൊവിനോ പറഞ്ഞു. നിര്‍മാതാവിന് ലാഭം കിട്ടിയാല്‍ തനിക്ക് സന്തോഷമുണ്ടാകാറുണ്ടെന്നും കോടി ക്ലബ്ബിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

സിനിമകള്‍ക്ക് ഹൈപ്പ് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ മാത്രമേ പ്രേക്ഷകര്‍ക്കിടയില്‍ ആ സിനിമ ചര്‍ച്ചയിലേക്ക് വരുള്ളൂവെന്നും ടൊവിനോ പറഞ്ഞു. നല്ലൊരു സിനിമയായിരിക്കണമെന്ന പ്രതീക്ഷ ഓഡിയന്‍സിന് വേണമെന്നും എന്നാല്‍ മറ്റൊരു സിനിമയെപ്പോലെ ആകുമെന്ന പ്രതീക്ഷയില്‍ ഇരുന്നാല്‍ ചിലപ്പോള്‍ അതിന് വിപരീതമായി സംഭവിക്കുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘എന്റെ സിനിമകള്‍ ഇത്ര കോടി കളക്ട് ചെയ്തു, ഇത്ര കോടിയുടെ ക്ലബ്ബില്‍ കയറി എന്നുള്ള കാര്യമമൊന്നും അധികം ബോതര്‍ ചെയ്യാറില്ല. എന്നെ സംബന്ധിച്ച് പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാകരുത് എന്ന ഒരു ചിന്ത മാത്രമേയുള്ളൂ. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിന്നെ സിനിമയിലൂടെ പ്രൊഡ്യൂസര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അതില്‍ സന്തോഷം മാത്രമേയുള്ളൂ. ബാക്കി 50കോടിയും 100 കോടിയും പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഓഡിയന്‍സാണ്. അവരുടെ കൈയിലാണ് എല്ലാം.

അതുപോലെ, സിനിമകള്‍ക്ക് ഹൈപ്പ് വേണമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ മാത്രമേ നോര്‍മല്‍ ഓഡിയന്‍സിന്റെ ഇടയില്‍ ആ സിനിമ സംസാരവിഷയമാകുള്ളൂ. പക്ഷേ അത് വേറൊരു സിനിമ പോലെയായിരിക്കും, അതിന്റെ ലെവലിലേക്കെത്തും എന്നുള്ള പ്രതീക്ഷകള്‍ വെക്കുന്നതിനോട് യോജിപ്പില്ല. മാത്രമല്ല, ഓഡിയന്‍സ് അവരുടെ മനസില്‍ ഒരു കഥ ആലോചിച്ച് സിനിമക്ക് കയറിയിട്ട് ഒടുവില്‍ അങ്ങനെയല്ല എന്നറിയുമ്പോള്‍ ഡിസപ്പോയിന്റഡാകും. അതിനോട് എനിക്ക് യോജിപ്പില്ല,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas says that he didn’t bother about crore club for his movies

We use cookies to give you the best possible experience. Learn more