കാലക്രമേണ ഇവിടെ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നം അതായിരിക്കും, എല്ലാം മാറുകയാണ്: ടൊവിനോ
Entertainment
കാലക്രമേണ ഇവിടെ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നം അതായിരിക്കും, എല്ലാം മാറുകയാണ്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 11:44 am

പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരുള്ള യുവനടനായി മാറാൻ ടൊവിനോക്ക് കഴിഞ്ഞിരുന്നു.

സിനിമയിൽ മുന്നോട്ടു പോകാൻ പ്രായം ഒരു മാനദണ്ഡം അല്ലെന്നാണ് ടൊവിനോ പറയുന്നത്. എന്നും പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമ ചെയ്യാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും താരം പറഞ്ഞു. കാലത്തിനനുസരിച്ച് അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യമെന്നും ടൊവിനോ പറഞ്ഞു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘പുതിയ ആളുകൾ പഴയ ആളുകൾ എന്ന രീതിയിൽ അല്ല സിനിമ പോയിക്കൊണ്ടിരിക്കുന്നത്. ആരാണ് ഇപ്പോഴും പൾസ് അറിഞ്ഞു സിനിമ ചെയ്യുന്നത് എന്നത് മാത്രമാണ് കാര്യം. ക്ലിന്റ് ഈസ്റ്റ് വുഡ് ഓൾഡ് സ്കൂളല്ലേ. അദ്ദേഹത്തിന് തൊണ്ണൂറ് വയസൊക്കെയുണ്ട്. പുള്ളി ഇപ്പോഴും സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് പ്രായമൊന്നുമല്ല എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം. കലക്രമേണ ഇവിടെ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നം മുഴുവൻ അപ്ഡേറ്റവരായവരും അല്ലാത്തവരും തമ്മിൽ ആയിരിക്കും. അതിന് പ്രായം ഒരു മാനദണ്ഡമേയല്ല.

എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ, ചുറ്റുപാട്, സമൂഹം മാറി കൊണ്ടിരിക്കുന്നു. നമ്മൾ അതിന്റെ കൂടെ പോവുന്നുണ്ട്. അപ്പോഴാണ് ആളുകൾക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നതും ചെയ്യാൻ കഴിയുന്നതും,’ടൊവിനോ പറയുന്നു.

അതേസമയം ടൊവിനോ നായകനായ നടികർ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ, ഭാവന, ബാലു വർഗീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

Content Highlight: Tovino Thomas Says That Age Is Note A Matter For Making Films