പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്. സിനിമ സ്വാധീനമുള്ള മാധ്യമമാണെന്നും അതിനാല്‍ തെറ്റായ സന്ദേശം കൊടുക്കാന്‍ പാടില്ലെന്നും ടൊവിനോ പറഞ്ഞു. വാശി നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് നടന്ന ക്വസ്റ്റ്യന്‍ ആന്‍സര്‍ സെഷനിലായിരുന്നു ടൊവിനോ ഇക്കാര്യം പറഞ്ഞത്. കീര്‍ത്തി സുരേഷും ടൊവിനോക്ക് ഒപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു.
കലയിലും സിനിമയിലും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നായിരുന്നു കീര്‍ത്തിയുടെ ആദ്യത്തെ ചോദ്യം.
‘സിനിമ ഒരു എന്റര്‍ടെയ്ന്‍മെന്റ് മീഡിയ ആണ്. സ്വാധീനമുള്ള മാധ്യമമായതുകൊണ്ട് സിനിമയിലൂടെ തെറ്റായ സന്ദേശം കൊടുക്കാന്‍ പാടില്ല. പൊളിറ്റിക്കലി ഇന്‍കറക്റ്റായ കാര്യങ്ങള്‍ ഗ്ലോറിഫൈ ചെയ്ത് കാണിക്കുമ്പോഴാണ് കുഴപ്പങ്ങളുണ്ടാവുന്നത്,’ ടൊവിനോ പറഞ്ഞു.
പ്രശസ്തി ഉപയോഗിച്ച് എന്തെങ്കിലും സൗജന്യമായി നേടാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു കീര്‍ത്തിയുടെ അടുത്ത ചോദ്യം. അങ്ങനെ ചെയ്തിട്ടുമില്ല, തന്റെ ഫെയിം ഉപയോഗിച്ച് സൗജന്യം നേടാന്‍ ആരേയും അനുവദിച്ചിട്ടുമില്ലെന്നായിരുന്നു ടൊവിനോ മറുപടി നല്‍കിയത്.
മറ്റ് താരങ്ങളില്‍ നിന്നും ടൊവിനോയെ വ്യത്യസ്തമാക്കുന്ന ഘടകമെന്താണെന്ന് ചോദ്യത്തിന് കീര്‍ത്തിയാണ് മറുപടി നല്‍കിയത്. ‘ടൊവിക്ക് ടൊവിയുടേതായ ഒരു ആക്റ്റിങ് സ്റ്റൈലുണ്ട്. വ്യത്യസ്തമായ വ്യക്തിത്വമാണ്. സ്‌ക്രിപ്റ്റിനോടുള്ള അപ്രോച്ച് വ്യത്യസ്തമാണ്,’ കീര്‍ത്തി പറഞ്ഞു.
നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വാശി ജൂലൈ 17നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ജൂണ്‍ 17നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.
Content Highlight: Tovino Thomas says Problems arise when politically incorrect things are glorified and shown in cinema