| Friday, 27th December 2024, 7:51 am

രാജുവേട്ടന്‍ ഇലുമിനാറ്റി; ഇനിയധികം ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞു, അതുപോലെ സംഭവിച്ചു: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ പൃഥ്വിരാജ് സുകുമാരനെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് പൃഥ്വി ആയിരുന്നെന്നും അതിന് അന്ന് താന്‍ നന്ദി പറഞ്ഞുവെന്നും ടൊവിനോ പറയുന്നു.

ഇനി താന്‍ അധികം ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞതെന്നും തന്നോടുള്ള സ്‌നേഹം കൊണ്ട് ആശ്വസിക്കാന്‍ പറയുകയാകും എന്നായിരുന്നു താന്‍ അന്ന് കരുതിയതെന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് ഇപ്പോഴും ഒരു കാര്യം ഓര്‍മയുണ്ട്. ഞാന്‍ മൊയ്തീന്‍ കണ്ടുകൊണ്ടിരിക്കെ രാജുവേട്ടന് മെസേജ് അയച്ചിരുന്നു. എന്നെ ആ സിനിമയിലേക്ക് റെഫറ് ചെയ്തതിന് നന്ദിയെന്ന് ഞാന്‍ പറഞ്ഞു. മൊയ്തീനിലെ ആ കഥാപാത്രത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് അദ്ദേഹമാണ്.

അതുമാത്രമല്ല, രാജുവേട്ടന്‍ അങ്ങേയറ്റം സപ്പോര്‍ട്ടീവുമായിരുന്നു. ഇനി എനിക്ക് കുറച്ച് നല്ല ക്യാരക്ടേഴ്‌സ് കിട്ടുമായിരിക്കുമെന്ന് ഞാന്‍ അന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘നീ ഇനി അധികം ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരില്ല, ചെയ്യരുത്’ എന്നായിരുന്നു രാജുവേട്ടന്റെ മറുപടി.

അതെങ്ങനെയാണെന്ന് ഞാന്‍ തിരികെ ചോദിച്ചു. നല്ലൊരു ക്യാരക്ടര്‍ വേഷം ചെയ്ത് നമുക്ക് ഒരു ബ്രേക്ക് കിട്ടിയാല്‍ പിന്നെ നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ വരികയല്ലേ ചെയ്യുക എന്നതായിരുന്നു എന്റെ സംശയം. ‘നിനക്ക് ഇനി വരാന്‍ പോകുന്നത് ലീഡ് റോളുകളാണ്’ എന്നായിരുന്നു അന്ന് രാജുവേട്ടന്‍ പറഞ്ഞത്.

അദ്ദേഹം ചിലപ്പോള്‍ നമ്മളോടുള്ള സ്‌നേഹം കൊണ്ട് ആശ്വസിക്കാന്‍ പറയുകയാകും എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ അതിനുശേഷം ഒന്നോരണ്ടോ മാസത്തോളം കഥ കേള്‍ക്കുന്നത് തന്നെയായിരുന്നു എന്റെ പണി. അതില്‍ 90 ശതമാനവും നായക വേഷങ്ങളായിരുന്നു.

അപ്പോഴാണ് രാജുവേട്ടന്‍ പറഞ്ഞത് എനിക്ക് മനസിലായത്. തുടര്‍ന്നും ക്യാരക്ടര്‍ വേഷങ്ങളാകും വരികയെന്ന് കരുതിയപ്പോള്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. രാജുവേട്ടന്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അദ്ദേഹം പിന്നെ ഇലുമിനാറ്റി ആണെന്ന് അറിയാലോ (ചിരി),’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas Says Prithviraj Sukumaran Is An Illuminati

We use cookies to give you the best possible experience. Learn more