| Tuesday, 9th August 2022, 1:51 pm

വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ തല്ലുമാല കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ, ഞാന്‍ മനപ്പൂര്‍വം കാണാത്തതാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാലക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിലെ ട്രെയ്‌ലറും പാട്ടുകളും ഇതിനോടകം തന്നെ തരംഗമാണ്.

എന്നാല്‍ വര്‍ക്ക് മുഴുവന്‍ പൂര്‍ത്തിയാക്കിയ തല്ലുമാല താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ടൊവിനോ പറയുന്നത്. കല്യാണി മാത്രമാണ് സിനിമ കണ്ടതെന്നും ഹിറ്റ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില് ടൊവിനോ പറഞ്ഞു.

‘ഏകദേശം ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത് പോലെ തന്നെയാണ് സിനിമ. വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ് ഞാന്‍ ഇപ്പോഴും ഈ സിനിമ കണ്ടിട്ടില്ല. കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ. കല്യാണി കണ്ടപ്പോഴും എന്നെ വിളിച്ചിരുന്നു. ഞാന്‍ മനപ്പൂര്‍വം കാണാത്തതാണ്. മിക്കപ്പോഴും നമ്മള്‍ ചെയ്തിട്ടുള്ള നല്ല സിനിമകള്‍ നമുക്കല്ല ആസ്വദിക്കാന്‍ പറ്റുക. പ്രേക്ഷകര്‍ക്ക് മാത്രമാണ്. ഷൂട്ടിങ്ങിന്റെ കാര്യമെല്ലാം ഓര്‍ത്തിട്ട് നമുക്ക് നല്ല ബുദ്ധിമുട്ടായിരിക്കും.

ഒരു ലീനിയര്‍ പാറ്റേണിലല്ല തല്ലുമാലയുടെ കഥ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഫ്രെഷ് ആയിട്ട് ഒരു സിനിമ കാണുന്നത് പോലെ ഈ സിനിമ എന്‍ജോയ് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓഡിയന്‍സിന്റെ കൂടെ ഫസ്റ്റ് ഡേ ആണ് ഈ സിനിമ കാണാന്‍ പോകുന്നത്. എല്ലാ സിനിമയും അങ്ങനെയാണ് ഞാന്‍ കാണാറുള്ളത്. ഷൂട്ടിന്റെ തിരക്കൊക്കെ വന്നാലേ പോവാതിരിക്കൂ. കഴിവതും ഫസ്റ്റ് ഡേ പോയി കാണാന്‍ നോക്കാറുണ്ട്,’ ടൊവിനോ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാഗമായി തല്ലുമാലക്ക് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ സ്‌പെക്റ്റാക്കിള്‍ ഷോ ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ദുബായ് നഗരത്തില്‍ സ്‌പെക്റ്റക്കിള്‍ ഷോ നടത്തുന്നത്.

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ഖാലിദ് റഹ്മാന്‍, നിര്‍മാതാവ് ആഷിക്ക് ഉസ്മാന്‍, തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന സിനിമക്ക് സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇരുപതുവയസുകാരനായ മണവാളന്‍ വസീമായാണ് സിനിമയില്‍ ടൊവിനോ എത്തുന്നത്. ദുബൈയിലും കണ്ണൂരിലുമായിരുന്നു ചിത്രീകരണം. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight:  Tovino Thomas says Only Kalyani watched Thallumala and he deliberately missed it

We use cookies to give you the best possible experience. Learn more