| Saturday, 7th May 2022, 8:47 am

ഡാന്‍സ് ചെയ്യുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാലമുണ്ടായിരുന്നു, എന്നാലിപ്പോള്‍ പറ്റുമെന്ന് കാണിച്ചു കൊടുത്തു: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാരദന് ശേഷം ടൊവിനോ തോമസ് വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രമാണ് തല്ലുമാല. 20 കാരന്‍ മണവാളന്‍ വസീമിനെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്യ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് കൊണ്ടാണ് ചിത്രത്തിലെ ആദ്യഗാനമെത്തിയത്.

കണ്ണില്‍ പെട്ടോളേ എന്ന ഗാനത്തില്‍ കിടിലന്‍ ഡാന്‍സ് നമ്പരുമായാണ് താരം എത്തിയത്. ഡാന്‍സ് തന്റെ കംഫോര്‍ട്ട് സോണല്ല എന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ടൊവിനോ ആദ്യമായാണ് ഒരു ഗാനത്തിനായി ചുവട് വെക്കുന്നത് പ്രേക്ഷകര്‍ കണ്ടത്.

ആത്മവിശ്വാസം നല്‍കാനും പിന്തുണയ്ക്കുകയും ഒരു ടീം കൂടെയുള്ളപ്പോള്‍ ഇതൊക്കെ ചെയ്തുപോകുമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടൊവിനോ പറയുന്നു.

‘വളരെ ഭംഗിയുള്ളതും ചിലപ്പോള്‍ വളരെ മോശമായതുമായ ശരീരഭാഷ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളില്‍ പ്രവേശിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ അങ്ങേയറ്റം സ്വാതന്ത്ര്യം ലഭിക്കുന്ന കഥാപാത്രങ്ങളുണ്ട്. ചെയ്യുന്നതെല്ലാം ആസ്വദിക്കാന്‍ പറ്റുന്ന സിനിമകള്‍. വസീം അതുപോലെയൊന്നോ അതിനുമപ്പുറമോ ആണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് എനിക്ക് ചില കാര്യങ്ങള്‍ ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പക്ഷേ, ഒരു കഥാപാത്രം ആവശ്യപ്പെടുമ്പോള്‍ ഇതുപോലെ മുന്നോട്ട് വന്ന് കാണിച്ചുകൊടുക്കേണ്ടി വരും.

പ്രത്യേകിച്ചും ഒരു കലാകാരനായി പര്യവേക്ഷണം ചെയ്യാനും വളരാനും നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും പിന്തുണയ്ക്കാനും ഒരു റോക്ക് സോളിഡ് ടീം കൂടെയുള്ളപ്പോള്‍.

ഉടന്‍ തന്നെ തല്ലുമാലയുമായി ഒരു റോളര്‍ കോസ്റ്റര്‍ റൈഡിന് പോകാന്‍ തയ്യാറായിക്കോളൂ. അതുവരെ, ഈ കില്ലര്‍ ട്രാക്കുമായി നിങ്ങള്‍ ആഘോഷിക്കുക,’ ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

തല്ലുമാലയ്ക്കുവേണ്ടി പത്ത് കിലോയോളം ശരീരഭാരമാണ് ടൊവിനോ കുറച്ചത്. മൂന്ന് ഗെറ്റപ്പുകളാണ് ഈ ചിത്രത്തില്‍ ടൊവിനോയ്ക്കുള്ളത്. നൃത്തസംവിധായകനായ ഷോബിയാണ് ടൊവിനോക്കായി ചുവടുകള്‍ അണിയിച്ചൊരുക്കിയത്.

കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പെരാരിയാണ് തിരക്കഥ എഴുതിയത്.

Content Highlight: tovino thomas says how he became a dancer in thallumala

We use cookies to give you the best possible experience. Learn more