ജിത്തു മാധവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ഈ വര്‍ഷം തിയേറ്ററുകളെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാറാടിച്ച ചിത്രമാണ് ആവേശം. ‘റീ ഇന്‍ട്രോഡ്യൂസിങ് ഫഫ’ എന്ന ടാഗ് ലൈനില്‍ പുറത്തുവന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ എന്ന പെര്‍ഫോമറുടെയും എന്റര്‍ടെയ്‌നറുടെയും അഴിഞ്ഞാട്ടമായിരുന്നു ആരാധകര്‍ കണ്ടത്.
രംഗണ്ണന്‍ എന്ന ഗ്യാങ്‌സ്റ്ററായി ഫഹദ് എത്തിയ ചിത്രത്തില്‍ റോഷന്‍ ഷാനവാസ്, മിഥുന്‍ ജയ് ശങ്കര്‍, ഹിപ്സ്റ്റര്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഇതില്‍ ബിബിന്‍ എന്ന കഥാപാത്രമായി മിഥുന്‍ ജയ് ശങ്കറാണ് വേഷമിട്ടത്. ചിത്രത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ഡയലോഗായിരുന്നു ‘ബിബിമോന്‍ ഹാപ്പിയല്ലേ’ എന്നത്. ബിബിന്റെ അമ്മവേഷം ചെയ്ത നീരജ രാജേന്ദ്രന്‍ രംഗയോട് പറയുന്ന രീതിയിലാണ് ഈ ഡയലോഗ് സിനിമയില്‍ അവതരിപ്പിച്ചത്.
ഈ ഡയലോഗിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
തന്റെ രണ്ട് മക്കളും ആവേശം കണ്ട് ഫഹദിന്റെ ആരാധകരായെന്നും അവരോട് ഇടയ്ക്ക് ബിബിമോന്‍ ഹാപ്പിയല്ലേ എന്ന് ചോദിക്കാറുണ്ടായിരുന്നു എന്നും പറയുകയാണ് ടൊവിനോ.
‘ഞങ്ങള്‍ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്ന് രംഗണ്ണനെ വിളിക്കണം എന്ന് പറഞ്ഞ് ബഹളമായിരുന്നു. എന്നിട്ട് ജപ്പാനിലുള്ള സമയത്ത് ഞാന്‍ വിളിച്ചു. വിളിച്ചിട്ട് അന്ന് കിട്ടിയില്ല. അപ്പോള്‍ ഞാന്‍ ഇവിടെ രണ്ട് രംഗണ്ണന്‍ ഫാന്‍ ഉണ്ട് എന്ന് പറഞ്ഞ് ഒരു വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു. പുള്ളി തിരിച്ച് ഒരു ‘എടാ മോനേ’ എന്ന് വിളിച്ച് വീഡിയോ റെക്കോഡ് ചെയ്ത് അയച്ച് തന്നു.
ഒരു സിനിമാ നടന്‍ എന്നതിന്റെ ഒരു പരിഗണനയും എനിക്ക് എന്റെ വീട്ടില്‍ കിട്ടില്ലല്ലോ. ഞാനൊഴിച്ച് എല്ലാവരും അവിടെ സിനിമാ നടന്‍മാരാണ്. ഒരു രീതിയിലും എനിക്ക് വീട്ടില്‍ നിന്ന് അത് കിട്ടില്ല. മക്കള്‍ എല്ലാവരുടെയും ഫാന്‍സാണ്, എന്റെ ഫാന്‍ അല്ല. അങ്ങനെ അല്ലല്ലോ അവര്‍ എന്നെ കാണുന്നത്.
അങ്ങനെ ആവേശം കണ്ട് കുറച്ചുനാള്‍ ഇങ്ങനെ തന്നെയായിരുന്നു. അതിനകത്തുള്ള ‘എടാ മോനേ’ എന്ന് ഇവര്‍ വീണ്ടും വീണ്ടും പറയുന്നത് കേള്‍ക്കാം. ഇടയ്ക്ക് ഞാനും അവരോട് ചോദിക്കും മക്കളേ ഹാപ്പിയല്ലേ എന്ന്, അപ്പോള്‍ അവര്‍ ഹാപ്പിയാണെന്ന് പറയും. ബിബിമോന്‍ ഹാപ്പിയാണോ എന്ന് ഞാന്‍ വീണ്ടും ചോദിക്കും (ചിരി),’ ടൊവിനോ പറഞ്ഞു.
ഓണം റിലീസായാണ് എ.ആര്‍.എം തിയേറ്ററുകളിലെത്തുന്നത്. ഈ വര്‍ഷം മലയാളത്തില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് അജയന്റെ രണ്ടാം മോഷണം.
ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രമായി എത്തുന്ന ചിത്രം ത്രീ.ഡിയിലാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് സംവിധാനം.
Content highlight: Tovino Thomas says his kids are fans of Aavesham movie