അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ഐഡന്റിറ്റി. ഫോറന്‍സിക്കിന് ശേഷം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഐഡന്റിറ്റി. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴ് താരങ്ങളായ തൃഷ, വിനയ് റായ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിലെ നായികയായ തൃഷയെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. താന്‍ എഞ്ചിനീയറിങ്ങിന് പഠിച്ചത് കോയമ്പത്തൂരിലായിരുന്നെന്ന് ടൊവിനോ പറഞ്ഞു. ആ സമയത്ത് അവിടെ റിലീസാകുന്ന എല്ലാ തമിഴ് സിനിമകളും കാണാറുണ്ടായിരുന്നെന്നും മിക്ക സിനിമകളിലും നായിക തൃഷയായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
ഐഡന്റിറ്റി പോലൊരു വലിയ സിനിമ കേരളത്തിന് പുറത്ത് എത്തുമ്പോള്‍ അതിനനുസരിച്ചുള്ള നായിക വേണമായിരുന്നെന്ന് ടൊവിനോ പറഞ്ഞു. ആ സമയത്ത് തൃഷയായിരുന്നു ആദ്യത്തെ ഓപ്ഷനെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. അന്ന് മുതല്‍ തൃഷയുടെ പല സിനിമകളും കണ്ട് അവരോട് ആരാധന തോന്നിയിരുന്നെന്നും ടൊവിനോ പറഞ്ഞു. തൃഷയോടൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
സെറ്റില്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു തൃഷയെന്നും ടൊവിനോ പറഞ്ഞു. അത്രയും സീനിയറായിട്ടുള്ള നടിയായിട്ടു കൂടി എല്ലാവരുമായും നല്ല ഫ്രണ്ട്‌ലിയായാണ് തൃഷ പെരുമാറിയതെന്നും താന്‍ അവരോടൊപ്പം ഒരുപാട് കംഫര്‍ട്ടബിളായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഐഡന്റിറ്റിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഇത്രയും വലിയ സിനിമ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തണമെങ്കില്‍ എന്നെക്കാള്‍ സ്റ്റാര്‍ഡം ഉള്ള ഒരു നടി വേണമായിരുന്നു. ഞാന്‍ എഞ്ചിനീയറിങ് ചെയ്തത് കോയമ്പത്തൂരിലായിരുന്നു. ആ സമയത്ത് അവിടെ ഇറങ്ങുന്ന തമിഴ് സിനിമകളെല്ലാം വിടാതെ കാണുമായിരുന്നു. തൃഷ മാമിന്റെ എല്ലാ സിനിമകളും ഞാന്‍ തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ട്.
അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. എന്നാല്‍ ആ സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെയായിരുന്നോ അതുപോലെ ഫ്രണ്ട്‌ലിയായിരുന്നു തൃഷ മാമും. അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളായിരുന്നു. സിനിമയെ അത് നന്നായി സഹായിച്ചിട്ടുമുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas says he watched most movies of Trisha during his college time