തന്റെ കരിയറില്‍ പകര്‍ത്താന്‍ പറ്റുന്ന ഏതെങ്കിലും മൊമന്റുകള്‍ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ ടൊവിനോ തോമസ്. തനിക്ക് തന്റെ സിനിമകളില്‍ വ്യത്യസ്തമായ ഴോണറുകള്‍ വേണമെന്ന് തോന്നാന്‍ കാരണമായത് ഇരുവരുമാണെന്നാണ് ടൊവിനോ പറയുന്നത്.
കൊമേഷ്യലായതും അക്കാദമിക് സര്‍ക്കിളില്‍ വരുന്നതുമായ സിനിമകളില്‍ അഭിനയിക്കണമെന്ന ചിന്ത തനിക്ക് വരുന്നതും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടിട്ടാണെന്നും ടൊവിനോ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘എന്റെ സിനിമകളില്‍ വ്യത്യസ്തമായ ഴോണറുകള്‍ വേണമെന്നും കൊമേഷ്യലായതും അക്കാദമിക് സര്‍ക്കിളില്‍ വരുന്നതുമായ സിനിമ ചെയ്യണമെന്ന ചിന്ത എനിക്ക് വരുന്നതും മമ്മൂക്കയെയും ലാലേട്ടനെയും കണ്ടാണ്.
സദയവും ദേവാസുരവും ചെയ്തത് ഒരാള്‍ തന്നെയല്ലേ. പൊന്തന്‍മാടയും ധ്രുവവും ചെയ്തതും ഒരാളല്ലേ. അവര്‍ കൃത്യമായി ആ സിനിമകള്‍ ചെയ്തിട്ടുണ്ട്. അവരെ നേരെ പകര്‍ത്തി കൊണ്ടിരിക്കുകയാണ് ഞാന്‍.
അങ്ങനെ പല ഫിലിം മേക്കേഴ്‌സിന്റെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഫിലിം മേക്കേഴ്‌സ് മാത്രമല്ല ഒരുപാട് ടെക്‌നീഷ്യന്‍സുമുണ്ട്. കൂടെ ജോലി ചെയ്യുന്ന സീനിയറും ജൂനിയറും ആയ ആളുകളുമുണ്ട്.
നമുക്ക് മുമ്പ് വന്നവരില്‍ നിന്നും ശേഷം വന്നവരില്‍ നിന്നും നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഒരേ സെറ്റപ്പില്‍ അല്ലാതെ പല സെറ്റപ്പില്‍ വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ മാത്രമാണ് നമ്മള്‍ കുറച്ച് കൂടെ ഇമ്പ്രൂവ് ആകുകയുള്ളൂ. ഇതും ഞാനായിട്ട് ഉണ്ടാക്കിയെടുത്ത തിയറിയല്ല.
നമ്മുടെ സീനിയേഴ്‌സായ ഈ രണ്ടുപേര്‍ തെളിയിച്ച കാര്യമാണ്. നമ്മളുടെ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ സ്റ്റാറുകള്‍ തന്നെയാണ് നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും നല്ല ആക്ടേഴ്‌സ് എന്നുള്ളതാണ്. അവരെ തന്നെയാണ് നമ്മള്‍ മാതൃക ആക്കേണ്ടത്,’ ടോവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas Says He Try To Copying Mammootty And Mohanlal