| Sunday, 23rd April 2023, 9:50 am

ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല; പ്രതികരണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു; മാധ്യമപ്രവര്‍ത്തകരോട് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല താനെന്ന് ടൊവിനോ തോമസ്. പ്രത്യേക തരം സിനിമകള്‍ ചെയ്യുന്ന ആളോ പ്രത്യേക തരം ആളുകള്‍ക്കൊപ്പം സിനിമ ചെയ്യുന്ന ആളോ അല്ല താനെന്നും മലയാള സിനിമയെ മൊത്തത്തില്‍ ഒരു ടീമായാണ് കാണുന്നതെന്നും ടൊവിനോ പറഞ്ഞു. ദുബായില്‍ വെച്ച് നടന്ന നീലവെളിച്ചം പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല ഞാന്‍. ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ലാത്തവരുടെ കൂടെ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മുഴുവനായും നോക്കിയാല്‍ അതൊരു ഗ്യാങ്ങാണെന്ന് ഞാന്‍ പറയും. ഗ്യാങ്ങിനെക്കാളുപരി ഒരു ടീമാണ്. ഒരു പ്രത്യേക ടൈപ് സിനിമകള്‍ മാത്രം ചെയ്യുന്ന ആളാണോ ഞാന്‍? ചില ആളുകളുടെ മാത്രം സിനിമ ചെയ്യുന്ന ആളാണോ? ഈ ചോദ്യം എന്തുകൊണ്ട് വന്നുവെന്ന് മനസിലാവുന്നില്ല,’ ടൊവിനോ പറഞ്ഞു.

സാമൂഹിക വിഷയങ്ങളില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദിച്ചപ്പോള്‍ താന്‍ പ്രതികരിച്ചത് കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എന്നായിരുന്നു ടൊവിനോയുടെ മറുപടി. ‘ഞങ്ങള്‍ ന്യായാധിപന്മാരാണോ? പ്രതികരിക്കുന്നവരാണ് ആദ്യം ചോദ്യംചെയ്യപ്പെടുന്നത്. പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളൊക്കെ എവിടെയാണ്. അപ്പോള്‍ നിങ്ങളുടെ ആവേശം എവിടെ പോകുന്നു.

ഒരു വാര്‍ത്ത ഇന്ന് വരുമ്പോള്‍ എല്ലാവരും കൂടി പ്രതികരിക്കുന്നു. നാളെ ആ വാര്‍ത്തയുടെ മറുവശം വരുമ്പോള്‍ നിങ്ങളൊക്കെ മറുകണ്ടം ചാടും. അഭിപ്രായം പറഞ്ഞ നമ്മള്‍ പ്രതിസ്ഥാനത്ത് വരികയും ചെയ്യും. ഈ പോസ്റ്റ് ട്രൂത്ത് ഇറയില്‍ എന്തുകാര്യമാണെങ്കിലും രണ്ട് ദിവസമെടുത്ത് വിശകലനം ചെയ്തിട്ട് വേണം അഭിപ്രായം പറയാന്‍,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 20നാണ് നീലവെളിച്ചം റിലീസ് ചെയ്തത്. വൈക്കം മുഹബദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight:Tovino Thomas says he is not part of any gang in Malayalam cinema

We use cookies to give you the best possible experience. Learn more