| Friday, 17th November 2023, 4:33 pm

അങ്ങനെ പോയിരുന്നെങ്കില്‍ ലാലേട്ടനും മമ്മൂക്കയും ബുര്‍ജ് ഖലീഫയായേനേ, ഇപ്പോഴവര്‍ എവറസ്റ്റാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും ചെയ്തിരുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്ട്രാറ്റജി തന്നെയാണ് താനും പിന്തുടരുന്നതെന്ന് ടൊവിനോ തോമസ്. സിനിമയില്‍ അങ്ങനെ ഒരു ബാലന്‍സ് ഉണ്ടായിരുന്നതുകൊണ്ടാണ് അവര്‍ ബുര്‍ജ് ഖലീഫയാകാതെ മൗണ്ട് എവറസ്റ്റായതെന്നും ടൊവിനോ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

’80കളില്‍ മോഹന്‍ലാലും മമ്മൂക്കയും ജോഷിയുടെയും ഐ.വി. ശശിയുടെയും സിനിമകളും അടൂരിന്റെയും അരവിന്ദന്റെയും പടങ്ങള്‍ മാറിമാറി ചെയ്യും.

അതേ സ്ട്രാറ്റജിയാണ് ഞാന്‍ കോപ്പിയടിക്കുന്നത്. ഇത്രയും സക്‌സസ്ഫുള്ളായവര്‍ എന്തായാലും കരിയറില്‍ ചെയ്തത് മണ്ടത്തരങ്ങളാവില്ലല്ലോ. സ്റ്റാര്‍ഡം മാത്രം നോക്കി പോയിരുന്നെങ്കില്‍ അവര്‍ ബുര്‍ജ് ഖലീഫയായി പോയേനേ. പക്ഷേ അവരിപ്പോള്‍ നില്‍ക്കുന്നത് മൗണ്ട് എവറസ്റ്റായാണ്. ഒരു കാറ്റിലും വീഴില്ല. ബുര്‍ജ് ഖലീഫയും എവറസ്റ്റും തമ്മില്‍ വ്യത്യാസമുണ്ടല്ലേ.

സിനിമകളുടെ ബാലന്‍സ് ഉണ്ടായിരുന്നതുകൊണ്ടാണ് അവര്‍ എവറസ്റ്റായത്. നമ്മുടെ ലീഡ് ആക്ടേഴ്‌സെല്ലാരും അത് ചെയ്തിരുന്നു. അതാണ് അവരെ സൂപ്പര്‍ സ്റ്റാറുകളും ബെസ്റ്റ് ആക്ടേഴ്‌സുമാക്കിയത്. നമ്മുടെ മുമ്പില്‍ അതുപോലെയുള്ള ഉദാഹരണങ്ങള്‍ ഉള്ളപ്പോള്‍ അങ്ങനെയല്ലേ ചെയ്യേണ്ടത്,’ ടൊവിനോ പറഞ്ഞു.

നല്ലൊരു പ്രഡ്യൂസറാവാന്‍ പറ്റിയ ആളല്ല താനെന്നും ടൊവിനോ പറഞ്ഞു. ‘ഒരു നല്ല പ്രൊഡ്യൂസറാവാന്‍ പറ്റിയ ആളല്ല ഞാന്‍. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുള്ള ഏരിയ. പ്രൊഡക്ഷന്‍ ഇഷ്ടമുള്ള ആളുകളുമുണ്ട്. അവര്‍ക്ക് അത് വൃത്തിയായി ചെയ്യാന്‍ പറ്റുമായിരിക്കും. ഞാന്‍ എങ്ങനെ പ്രൊഡ്യൂസ് ചെയ്താലും നഷ്ടമേ വരാന്‍ സാധ്യതയുള്ളൂ. അതിന് പറ്റിയ ആളുകളെ വെച്ച് ചെയ്യണമെങ്കില്‍ ചെയ്യാം.

ഇനി കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യുകയാണെങ്കിലും അതിന് വേറെ ആള്‍ക്കാരെ വെച്ചേ ചെയ്യുകയുള്ളൂ. പൈസയുടെ കാര്യത്തില്‍ ഞാന്‍ മോശമാണ്. ശമ്പളം ചോദിച്ച് മേടിക്കുന്നതിന് പോലും എനിക്ക് ഭയങ്കര പ്രശ്നമാണ്. അതിന് പോലും ആളെ വെച്ചിരിക്കുകയാണ്. ലൗഡ് സ്പീക്കര്‍ സിനിമയില്‍ മമ്മൂക്ക കിഡ്നി കൊടുക്കാന്‍ വരുന്ന അവസ്ഥയാണ് എനിക്ക്. സുഹൃത്തിന് കിഡ്നി കൊടുത്തിട്ട് എങ്ങനെ പൈസ മേടിക്കും എന്ന അവസ്ഥ വരും,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino thomas says he is copying the strategy of mammootty and mohanlal

We use cookies to give you the best possible experience. Learn more